ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിൽ വ്യാഴാഴ്ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. മാണ്ഡ്യയിലെ മേലുകോട്ടയിൽ നടക്കുന്ന പരിപാടയിലാണ് സോണിയ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം മൈസൂരുവിൽ എത്തിയ സോണിയ ഗാന്ധിയെ നേതാക്കൾ സ്വീകരിച്ചു. പദയാത്ര തുടങ്ങിയതിൽ പിന്നെ ഇതാദ്യമായാണ് സോണിയ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും കർണാടകയിലെ പരിപാടിക്കുണ്ട്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങിയിരുന്നത്. അന്ന് സോണിയ ചികിൽസക്കായി വിദേശത്തായിരുന്നു. പ്രിയങ്ക ഗാന്ധിയും ഉടൻ എത്തുമെന്ന് നേതാക്കൾ അറിയിച്ചു.
നവരാത്രി ആഘോഷങ്ങൾ, മൈസൂരു ദസറ എന്നിവ പ്രമാണിച്ച് യാത്രക്ക് രണ്ടുദിവസം നൽകിയ അവധിക്കുശേഷം വ്യാഴാഴ്ച പുനരാരംഭിക്കുമ്പോൾ തന്നെ സോണിയ പങ്കെടുക്കുന്നത് പ്രവർത്തകർ ആവേശത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് മത നേതാക്കളെ കണ്ടിരുന്നു.
മണ്ഡി മൊഹല്ലയിലെ മസ്ജിദ് അസമിൽ വൻവരേവേൽപാണ് രാഹുലിന് ലഭിച്ചത്. തുടർന്ന് െസന്‍റ്ഫിലോമിനാസ് കത്തീഡ്രലിൽ എത്തിയ രാഹുൽ വിശ്വാസികളുമായും വൈദികരുമായും സംസാരിച്ചു. സൂത്തുർ മഠത്തിലെത്തിയ രാഹുലിനെ മഠാധിപതി ശിവരാത്ര ദേഷികേന്ദ്ര സ്വാമിജി അനുഗ്രഹിച്ചു. ചാമുണ്ഡി ഹിൽസിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും രാഹുൽ ഗാന്ധി സന്ദർശം നടത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പര്യടനം കഴിഞ്ഞാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് യാത്ര സെപ്റ്റംബർ 30ന് ചാമരാജ്നഗർ ജില്ലയിലെ ഗുണ്ടൽപേട്ടയിൽ എത്തിയത്. ചാമരാജ്നഗർ, മൈസൂരു, മാണ്ഡ്യ, തുമകുരു, ചിത്രദുർഗ, ബെല്ലാരി, റായ്ചൂർ ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ആകെ 511 കിലോമീറ്റർ ദൂരം താണ്ടും. തുടർന്ന് യാത്ര തെലങ്കാനയിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.