ബംഗളൂരു: ലോക്സഭ സീറ്റ് നിർണയത്തെച്ചൊല്ലി കണ്ണീരും തീവെപ്പും തുടങ്ങി ആത്മഹത്യാശ്രമം വരെ അരങ്ങേറി കർണാടകയിലെ കാവി രാഷ്ട്രീയം കലുഷിതമായ ഘട്ടത്തിലും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാൻ ലോക്സഭ സീറ്റ് ലഭിച്ചു. ആശിച്ചതല്ലെങ്കിലും ബെളഗാവിയാണ് മണ്ഡലം. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച് പരാജയപ്പെട്ട ഷെട്ടാറിനെ കോൺഗ്രസ് എം.എൽ.സിയാക്കിയിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പിയിലേക്ക് മടങ്ങി.
ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി സമിതി അംഗവുമായ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ബി.ജെ.പിക്ക് അത്ര സുരക്ഷിതമല്ലാത്ത ബെളഗാവിയിൽ മത്സരത്തിനിറങ്ങാൻ ഷെട്ടാർ ആദ്യം തയാറായിരുന്നില്ല. പ്രഥമ സ്ഥാനാർഥിപ്പട്ടികയിൽ ഷെട്ടാർ ഉൾപ്പെട്ടിരുന്നില്ല. ബെളഗാവി ഒഴിച്ചിട്ടിട്ടാണ് പട്ടിക പുറത്തിറക്കിയത്. തനിക്ക് സ്വാധീനമുള്ള ധാർവാഡിലോ ഹാവേരിയിലോ മത്സരിക്കാനായിരുന്നു ഷെട്ടാറിന് താൽപര്യം. ധാർവാഡ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മണ്ഡലമാണ്. അദ്ദേഹത്തെ മാറ്റാൻ പാർട്ടി നേതൃത്വം തയാറായില്ല. ഹാവേരിയിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് സ്ഥാനാർഥി.
അതേസമയം കൊപ്പൽ, ദാവൻഗരെ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി.
സീറ്റ് ലഭിക്കാത്ത കൊപ്പൽ സിറ്റിങ് എം.പി സംഗണ്ണ കാരാഡിയുടെ അനുയായികൾ പാർട്ടി ഓഫിസ് അടിച്ചുതകർത്തു. സംഗണ്ണയെ തഴഞ്ഞ് ബസവരാജ് കയവട്ടോറിന് സീറ്റ് നൽകിയതാണ് പ്രകോപനം. സിറ്റിങ് എം.പി സിദ്ധേശ്വരയ്യക്ക് പകരം ഭാര്യ ഗായത്രിക്ക് സീറ്റ് നൽകിയതാണ് ദാവൻഗരെയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
സീറ്റിനായി രംഗത്തുണ്ടായിരുന്ന മുൻ എം.എൽ.എ രേണുകാചാര്യയുടെ അണികൾ ബഹളമുണ്ടാക്കി. ഒരാൾ പെട്രോൾ ഒഴിച്ച് തീകൊളുത്താനും ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.