മോദിയുടെ 36.6 കിലോമീറ്റർ റോഡ് ഷോയിൽ മാറ്റം

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ മാറ്റം. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ ബംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളിൽ നടത്താനിരുന്ന 36.6 കിലോമീറ്റർ റോഡ് ഷോ ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യുൾ പ്രകാരം ശനി, ഞായർ ദിവസങ്ങളിലായാണ് റോഡ് ഷോ അരങ്ങേറുക.

‘നമ്മുടെ ബംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കർണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ശോഭ കരന്ദ്‍ലാജെ പറഞ്ഞു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ശനിയാഴ്ച രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാർ മെമോറിയലിൽ സമാപിക്കും. ഞായറാഴ്ച ഇവിടെ നിന്ന് പുനരാരംഭിച്ച് വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിക്കും. റോഡ് ഷോ നഗരത്തിന്റെ പ്രധാന പാതകളിലൂടെ കടന്നുപോകുന്നതിനാൽ ഈ മേഖലകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. രണ്ടു ദിവസങ്ങളിലായി 18 മണ്ഡലങ്ങളിലാണ് ബംഗളൂരുവിൽ മോദി പ്രചാരണം നയിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന അവസാന പ്രചാരണ പരിപാടിയാണ് വെള്ളിയാഴ്ച മുതൽ നടക്കുക. ഇതിന്റെ ഭാഗമായാണ് ബംഗളൂരുവിലെ റോഡ് ഷോ. വെള്ളിയാഴ്ച ബെള്ളാരിയിലും തുമകൂരുവിലും റാലികളിൽ പങ്കെടുക്കുന്ന മോദി ശനിയാഴ്ച രാവിലെ ബംഗളൂരുവിലും വൈകീട്ട് ബാഗൽകോട്ടിലെ ബദാമിയിലും ഹാവേരിയിലുമെത്തും. ഞായറാഴ്ച രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തുന്ന മോദി വൈകീട്ട് ശിവമൊഗ്ഗ റൂറൽ, നഞ്ചൻഗുഡ് എന്നിവിടങ്ങളിൽ റാലി നയിക്കും. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ പൂജയോടെ മോദി പ്രചാരണ പരിപാടികൾ അവസാനിപ്പിക്കും.

Tags:    
News Summary - BJP revises Modi roadshow schedule in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.