ബംഗളൂരു: ഇ.ഡി, സി.ബി.ഐ തുടങ്ങിയ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി പ്രതികാര രാഷ്ട്രീയം പയറ്റുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു പതിറ്റാണ്ട് പഴക്കമുള്ള കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി ലെഫ്. ഗവർണർ വി.കെ സക്സേന അനുമതി നൽകിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമാണ് ബി.ജെ.പി എന്നതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിലെ ജനങ്ങൾ ബി.ജെ.പിയെ പിന്തുണക്കില്ല.
എന്തുചെയ്താലും ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിൽ അടിത്തറയുണ്ടാക്കാനാവില്ലെന്നും ദക്ഷിണേന്ത്യയിൽനിന്നുള്ള 13 പേരെ കേന്ദ്ര മന്ത്രിമാരാക്കിയതിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എസ്.എസ് മേധാവി തന്നെ ബി.ജെ.പിയെ അഹങ്കാരികളെന്ന് വിളിച്ചു. കാവിസംഘത്തിന്റെ മനോഭാവംകൊണ്ട് ജനങ്ങൾ ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ പാഠം പഠിച്ചുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കുടുംബത്തിനുശേഷം ഇപ്പോൾ ബി.ജെ.പി നേതാവ് യെദിയൂരപ്പയെ ലക്ഷ്യംവെച്ച് കോൺഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് തനിക്കും ശിവകുമാറിനും രാഹുൽ ഗാന്ധിക്കുമെതിരെ കേസെടുത്ത് ആരാണ് പ്രതികാര ബുദ്ധിയോടെ രാഷ്ട്രീയത്തിലേർപ്പെടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് സ്നേഹത്തിന്റെ രാഷ്ട്രീയമാണോ വെറുപ്പിന്റെ രാഷ്ട്രീയമാണോയെന്നറിയാൻ ആഗ്രഹമുണ്ടെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.