ബംഗളൂരു: കൽബുർഗി ജില്ല ജയിൽ ചീഫ് സൂപ്രണ്ട് ആർ. അനിതയുടെ കാർ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണി. അജ്ഞാതൻ കൽബുർഗിയിലെ പൊലീസ് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണിലേക്ക് ശബ്ദരേഖയായാണ് സന്ദേശം അയച്ചത്.
തനിക്ക് വ്യക്തിപരമായി ഭീഷണി സന്ദേശങ്ങളോ കോളുകളോ ലഭിച്ചിട്ടില്ലാത്തതിനാൽ, ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് അനിത പറഞ്ഞു. തന്റെ സ്വകാര്യ , ഔദ്യോഗിക ഫോണിൽ ഭീഷണി കോളോ സന്ദേശമോ ലഭിച്ചാൽ പരാതി നൽകും. സംഭവം ഉദ്യോഗസ്ഥരെയും ജയിൽ ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു . ജയിലിനുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞ അനിതയുടെ സമീപകാല ശ്രമങ്ങളുമായി ഭീഷണിക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഈയിടെ കൽബുർഗി ജയിലിൽ ചില തടവുകാർ കോഴകൊടുത്ത് പ്രത്യേക സൗകര്യങ്ങൾ അനുഭവിക്കുന്നത് അനിത അവസാനിപ്പിച്ചിരുന്നു.
ജയിൽ പരിസരത്ത് ഗുഡ്ക, ബീഡി, സിഗരറ്റ് എന്നിവയുടെ വിൽപന നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമുണ്ടായി. വിചാരണ തടവുകാരും പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചിരുന്നു. എതിർപ്പുകളുണ്ടായിട്ടും അനിത ഉറച്ചുനിൽക്കുകയും നടപടികളിൽ ഇളവ് നൽകാൻ വിസമ്മതിക്കുകയും ചെയ്തു. കർശന നടപടികളിൽ അതൃപ്തിയുള്ള അന്തേവാസികളാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് സംശയിക്കുന്നു.അതേസമയം എനിക്കെതിരെ ആരോപണവും ഉയരുന്നുണ്ട്. തടവുകാരനിൽനിന്ന് ഫോൺപേ വഴി കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. തടവുകാരൻ മുസ്തഫയോട് അനിത 25,000 രൂപ ആവശ്യപ്പെട്ടെന്നും 10,000 രൂപ അനിതയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തെന്നുമാണ് മുസ്തഫയുടെ സഹോദരി അനീസയുടെ ആരോപണം. സുപ്രീംകോടതി, ആഭ്യന്തര മന്ത്രാലയം, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നിവർക്ക് നൽകിയ പരാതിയുടെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആരോപണങ്ങൾ നിഷേധിച്ച അനിത, ജയിലിൽ നടപ്പാക്കിയ കർശന നടപടികൾ കാരണം തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് ആരോപണങ്ങളെന്ന് പറഞ്ഞു. അവർക്ക് പരിഷ്കാരങ്ങൾ സഹിക്കാനാവില്ല. അവർ തന്നെ പണം കൈമാറി, ഇപ്പോൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയാണ്. സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.