ചാമരാജ് പേട്ടിലെ ഈദ്ഗാഹ് മൈതാനിയിൽ നടന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിൽനിന്ന്. കേന്ദ്ര സർക്കാറിന്റെ വഖഫ് ബില്ലിനെതിരായ
പ്രതിഷേധ സൂചകമായി കറുത്ത ആം ബാൻഡണിഞ്ഞ കുട്ടികൾ പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാം
ബംഗളൂരു: പരിശുദ്ധ റമദാൻ പൂർത്തിയാക്കി കർണാടകയിൽ തിങ്കളാഴ്ച മുസ്ലിം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാൾ നമസ്കാരം നടന്നു. തക്ബീർ ധ്വനികൾ മുഴക്കി അണിനിരന്ന വിശ്വാസികൾ നമസ്കാര ശേഷം പരസ്പരം ആലിംഗനം ചെയ്ത് ആശംസകൾ നേർന്നു. ഈദ് ഗാഹുകളിൽ ഫലസ്തീൻ ജനതക്കായി പ്രത്യേക പ്രാർഥനകൾ നടന്നു. കേന്ദ്ര സർക്കാറിന്റെ വഖഫ് ബില്ലിനെതിരായ പ്രതിഷേധ സൂചകമായി പലരും കൈയിൽ കറുത്ത ബാൻഡണിഞ്ഞാണ് പെരുന്നാൾ നമസ്കാരത്തിനെത്തിയത്. പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം അരങ്ങേറി. ഹിറ വെൽഫെയർ ട്രസ്റ്റ്, ബാംഗ്ലൂർ ഇസ്ലാഹി സെന്റർ, മലബാർ മുസ്ലിം അസോസിയേഷൻ, എ.ഐ.കെ.എം.സി.സി, സമസ്ത ബംഗളൂരു, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവ നേതൃത്വം നൽകി.
‘സത്യവിശ്വാസം ഭൗതിക ജീവിത വിജയം ലക്ഷ്യം വെക്കുന്നു’
ബംഗളൂരു: സത്യവിശ്വാസം (ദീൻ) ഭൗതിക ജീവിത വിജയം തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കോൾസ്പാർക്ക് മസ്ജിദുർ റഹ്മ ഖത്തീബ് കെ.വി. ഖാലിദ് പറഞ്ഞു. കോൾസ്പാർക്ക് സഫീന ഗാർഡനിൽ നടന്ന ഈദ്ഗാഹിൽ പെരുന്നാൾ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുനിയാവിലും ആഖിറത്തിലും നന്മകൾ ചൊരിയണമെന്ന ഏറ്റവും വലിയ പ്രാർഥനയിൽ ജീവിതകാലത്ത് ചെയ്യുന്ന സത്കർമമാണ് പാരത്രിക വിജയത്തിന് നിദാനം. എന്റെ ശരീരം എന്റെ തെരഞ്ഞെടുപ്പാണ് എന്ന് പുതുതലമുറ പറയുന്നു. എന്നാൽ, സ്വാതന്ത്ര്യമെന്നത് ആർക്കും അങ്ങനെയൊരു തെരഞ്ഞെടുപ്പിന് വേണ്ടിയുള്ളതല്ലെന്നും സ്വന്തം ഇച്ഛക്ക് അനുസരിച്ചു മാത്രം നടക്കുന്നവരെ ദൈവേച്ഛയിലേക്ക് നയിക്കാൻ പരിശീലനം നൽകുകയാണ് റമദാൻ ചെയ്യുന്നത്. ചരിത്രത്തിൽ ഫറോവ പറഞ്ഞതുതന്നെയാണ് പുതിയകാലത്ത് ഫാഷിസം ഇന്ത്യയിൽ വാദിക്കുന്നതെന്നും തിന്മയെ ഏറ്റവും ഉൽകൃഷ്ഠമായ ഹിദായത്ത് കൊണ്ട് നേരിടണമെന്നും അതിനുള്ള കരുത്ത് വിശ്വാസികൾ ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന തെറ്റുകളുടെ മാതാവായ ലഹരിക്കെതിരെ ജനകീയമായി രംഗത്തിറങ്ങാൻ വിശ്വാസികൾ തയാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
‘ലഹരിക്കും വർഗീയതക്കും എതിരെ ജാഗരൂകരാവുക’
ബംഗളൂരു: ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിനു സമാപ്തി കുറിച്ചുകൊണ്ട് ദുൽ നൂറയിൻ കേരള മസ്ജിദ് ഹെഗ്ഡെ നഗർ സി.എം.എ കൺവെൻഷൻ ഹാളിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. മുബാറക് ബിൻ മുസ്തഫ നമസ്കാരത്തിന് നേതൃത്വം നൽകി. നമ്മുടെ വിശ്വാസത്തിന്റെ കാതലായ കാരുണ്യം, സഹാനുഭൂതി, ഐക്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിക്കൊണ്ട് ജീവിതം മുന്നോട്ടുനയിക്കണമെന്ന് പെരുന്നാൾ സന്ദേശത്തിൽ ഉണർത്തി. മയക്കുമരുന്നിന്റെ വിപത്ത് നമ്മുടെ യുവാക്കളുടെ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വർഗീയതയുടെ തിന്മ നമ്മുടെ വിശ്വാസം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും പ്രതീക്ഷ കൈവിടാതെ നാം ഒന്നിച്ചുനിൽക്കുകയും നീതിയും സമത്വവും സമാധാനപരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം ഉണർത്തി.
‘വിശുദ്ധി കാത്തുസൂക്ഷിക്കണം’
ബംഗളൂരു: ഇസ്ലാഹി സെന്റർ ശിവാജി നഗർ ബാംബൂ ബസാർ നിസ്വാൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് സലഫി മസ്ജിദ് ഖത്തീബ് നിസാർ സ്വലാഹി നേതൃത്വം നൽകി. സ്നേഹവും ഐക്യവുമാണ് ഈദ് ആവശ്യപ്പെടുന്നതെന്നും ലഹരി അടക്കമുള്ള മഹാ വിപത്തുകളിൽനിന്ന് സമൂഹത്തെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വാസികൾ നന്മയുടെ പ്രചാരകർ കൂടിയാവണം’
ബംഗളൂരു: വിശ്വാസികൾ ധാർമികതയിലൂടെ സ്വന്തം വ്യക്തിത്വത്തെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതോടൊപ്പം സാമൂഹിക സാഹചര്യങ്ങളിൽപ്പെട്ട് ലഹരിക്കടിമയാവുന്ന യുവതയെക്കൂടി രക്ഷപ്പെടുത്തുന്ന നന്മയുടെ പ്രവർത്തനങ്ങളുടെ പ്രചാരകർ കൂടിയാവണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ ഡബിൾ റോഡ് ശാഫി മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് മുന്നോടിയായി വിശ്വാസികളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തീബ് ശാഫി ഫൈസി ഇർഫാനി നമസ്കാരത്തിന് നേതൃത്വം നൽകി. സംഘടനക്ക് കീഴിലെ മോത്തിനഗർ, മൈസൂർ റോഡ്, ജയനഗർ തുടങ്ങിയ കേന്ദ്രങ്ങളിലും പെരുന്നാൾ നമസ്കാരം നടന്നു.
പഴങ്ങൾ വിതരണം ചെയ്തു
ബംഗളൂരു: ചെറിയ പെരുന്നാൾ ദിനത്തിൽ സ്നേഹം പകർന്ന് ഓൾ ഇന്ത്യ കെ.എം.സി.സി-എസ്.ടി.സി.എച്ച് ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിദ്വായ് കാൻസർ ആശുപത്രിയിലെ രോഗികൾക്ക് പഴങ്ങൾ വിതരണം ചെയ്തു. എം.കെ. റസാഖ്, വി.എം. സയീദ്, റഹ്മാൻ, ശാരി, മദനി, ഷഫീഖ്, ശാഹുൽ ഹമീദ്, ടി.സി. മുനീർ, കാസിം, ഗഫൂർ ബനശങ്കരി എന്നിവർ പങ്കെടുത്തു.
‘മാനവിക സാഹോദര്യവും സമാധാനവുമാവണം പെരുന്നാൾ സന്ദേശം’
മംഗളൂരു: മാനവിക സാഹോദര്യവും സമാധാനവുമാവണം പെരുന്നാൾ ആഘോഷത്തിന്റെ സന്ദേശം എന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. ഈദുൽ ഫിത്ർ ദിനത്തിൽ ഉള്ളാൾ ദർഗ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളാൾ സെൻട്രൽ ജുമാമസ്ജിദ് ഖത്തീബ് സുഹൈൽ നൂറാനി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവഹിച്ചു. ഉള്ളാൾ ദർഗ പ്രസിഡന്റ് ഹനീഫ് ഹാജി, വൈസ് പ്രസിഡന്റ് അഷ്റഫ്, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി, സെക്രട്ടറി മുസ്തഫ മദനി നഗർ, ട്രഷറർ നാസിം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.