ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യവുമായി ‘ചന്ദ്രയാൻ -മൂന്ന്’ പേടകം ജൂലൈയിൽ ചന്ദ്രനിലേക്ക് കുതിക്കും. ഉപഗ്രഹവിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക്-മൂന്നിന്റെ ചിറകിലേറിയായിരിക്കും യാത്ര. ജൂലൈ 12നായിരിക്കും വിക്ഷേപണമെന്നും ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങുമെന്നും ബന്ധപ്പെട്ടവർ സൂചന നൽകുന്നു.
എന്നാൽ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ) ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചന്ദ്രന്റെ അകത്തളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ കലവറ കണ്ടെത്താനുള്ള ഐ.എസ്.ആർ.ഒയുടെ മൂന്നാം ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം ഭംഗിയായി മുന്നോട്ടുപോവുകയാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. പേലോഡുകൾ ഘടിപ്പിക്കൽ പ്രക്രിയ കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ സാറ്റലൈറ്റ് സെന്ററിൽ തുടങ്ങിയിട്ടുണ്ട്.
ചന്ദ്രനിൽ ഇറങ്ങാനായുള്ള തദ്ദേശീയമായി നിർമിച്ച ലാൻഡർ മൊഡ്യൂൾ, പ്രൊപൽഷൻ മൊഡ്യൂൾ, ഉപരിതലത്തിലെ പരുക്കൻ പ്രതലത്തിൽ ഓടിക്കാനുള്ള വാഹനമായ റോവർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ മൂന്ന്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ വാഹനം ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചാണ് വിവരങ്ങൾ ശേഖരിക്കുക. ഈ വിവരങ്ങൾ ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേക്ക് അയക്കും. ലാൻഡറിലും റോവറിലും പര്യവേക്ഷണം നടത്താനുള്ള പേലോഡുകളുണ്ടാകും. ചന്ദ്രനിൽ നേരത്തേ തീരുമാനിച്ച ഇടത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനും റോവറിനെ ഉപരിതലത്തിൽവെച്ച് വേർപെടുത്താനുമുള്ള ശേഷി ലാൻഡറിനുണ്ടാകും. 2008ലാണ് ചന്ദ്രയാൻ ഒന്ന് വിജയകരമായി വിക്ഷേപിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനായത്.
2019ൽ ചന്ദ്രയാൻ രണ്ട് വിജയകരമായി വിക്ഷേപിച്ചുവെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ പരാജയപ്പെടുകയായിരുന്നു. 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽവെച്ച് ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ രണ്ടിന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു. ഓർബിറ്ററും ലാൻഡറും റോവറുമായിരുന്നു രണ്ടാം ദൗത്യത്തിലെ ഭാഗങ്ങൾ. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി ലാൻഡർ നഷ്ടമായെങ്കിലും ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ പറയുന്നത്. മൂന്നാം ദൗത്യത്തിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.