മംഗളൂരു: നഗരത്തിൽ കാർ സ്ട്രീറ്റിലേയും ഫൽനീറിലേയും കടകളിൽ വിറ്റ ചോക്ലറ്റുകളിൽ ലഹരിക്കായി കലർത്തിയത് കഞ്ചാവ്. ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ അംശം സ്ഥിരീകരിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ. ജയിൻ പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് കാർ സ്ട്രീറ്റിൽ പൂജ പാലസ് ബിൽഡിങ്ങിലെ വൈഭവ് പൂജ സെയിൽസ്കട ഉടമ മംഗളൂരു വി.ടി. റോഡിലെ മനോഹർ ഷെട്ടി (47), ഫൽനിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാർ (45) എന്നിവരെ ലഹരി ചോക്ലറ്റ് വില്പന നടത്തി എന്നതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. രാസപരിശോധനഫലം ലഭ്യമായതിനെ തുടർന്ന് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആനന്ദ ചൂർണ, പവ്വർ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്ലറ്റുകളാണ് വില്പന നടത്തിയത്. മനോഹർ ഷെട്ടിയുടെ കടയിൽനിന്ന് 40 വീതം ചോക്ലറ്റുകൾ അടങ്ങിയ 48,000 രൂപ വിലവരുന്ന 300 പാക്കറ്റുകൾ, പാക്കറ്റിൽനിന്ന് അഴിച്ച 12,592 രൂപ വിലയുള്ള 592 ചോക്ലറ്റുകൾ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.