ബംഗളൂരു: വരും ദിവസങ്ങളിൽ ബംഗളൂരു അടക്കമുള്ള ജില്ലകളിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചിക്കമംഗളൂരു, മൈസൂരു, ചാമരാജ്നഗർ, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും മഴ പെയ്തിരുന്നു. ബംഗളൂരുവിൽ ചൂട് കുറയുകയും വൈകുന്നേരങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ബംഗളൂരു, കോലാർ, ചിക്കബെല്ലാപൂർ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു.
അതേസമയം, മഴ പെയ്യുമെന്ന മുന്നറിയിപ്പ് നഗരവാസികൾക്ക് നൽകുന്നത് ആശങ്കയാണ്. കഴിഞ്ഞ മാസം പെയ്ത മഴയിൽ നഗരത്തിലെ മിക്ക ഭാഗങ്ങളും അയൽപ്രദേശങ്ങളും വെള്ളപ്പൊക്കത്തിലായിരുന്നു. കെട്ടിടങ്ങളും താമസസ്ഥലങ്ങളുമടക്കം വെള്ളത്തിനടിയിലായിരുന്നു. വിദ്യാലയങ്ങൾ അടച്ചിടുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതത്തെയും കഴിഞ്ഞ മാസത്തെ മഴ സാരമായി ബാധിച്ചിരുന്നു.
ഐ.ടി സ്ഥാപനങ്ങളിലെ മേധാവികളടക്കം ട്രാക്ടറുകളിൽ ജോലിക്കെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ 42 വർഷങ്ങളിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആ ദിനങ്ങളിലായിരുന്നു. ആഗസ്റ്റ് 30ലെ വെള്ളപ്പൊക്കം മൂലം 225 കോടിയുടെ നഷ്ടമാണുണ്ടായത്. ഒറ്റ ദിവസത്തെ നഷ്ടമാണിത്. നഗരത്തിൽ അഞ്ചുമണിക്കൂറോളം ഗതാഗതം നിശ്ചലമായിരുന്നു. ഈ ഇനത്തിൽ ഐ.ടി മേഖലയിൽ മാത്രം 30 മില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
വെള്ളപ്പൊക്കം, കൈയേറ്റം ഒഴിപ്പിക്കലിൽ മെല്ലെപ്പോക്ക്
ബംഗളൂരു: കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിന് കാരണം മഴവെള്ളം ഒഴുകിപ്പോകാനുള്ള വൻചാലുകൾ കൈയേറി നിർമിച്ച കെട്ടിടങ്ങളാണെന്ന് ബി.ബി.എം.പി കണ്ടെത്തിയതിനെ തുടർന്ന് ഇവ പൊളിക്കാനായി തുടങ്ങിയ നടപടികൾ ഇഴയുന്നു.
തുടക്കത്തിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലായിരുന്നു മുന്നേറിയത്. എന്നാൽ വൻകിടക്കാരിലേക്കെത്തിയപ്പോൾ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. വൻകിട കമ്പനികൾ ഒഴിപ്പിക്കലിനെതിരെ കോടതിയെ സമീപിക്കുന്നതും നടപടികൾക്ക് സ്റ്റേ വാങ്ങുന്നതും തടസ്സമായിട്ടുണ്ടെന്ന് ബി.ബി.എം.പി അധികൃതർ പറയുന്നു. അനധികൃതമായി നിര്‍മിച്ച 700-ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാൽ ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
കൈയേറ്റങ്ങളിൽ ഭൂരിഭാഗവും വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച കെട്ടിടങ്ങളാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകൾ കൈയേറിയുള്ള നിർമാണം മൂലം മഴവെള്ളത്തിന് ഓവുചാലിലൂടെ ഒഴിഞ്ഞുപോകാൻ കഴിഞ്ഞിരുന്നില്ല. നഗരത്തിൽ അടുത്തിടെ പെയ്ത എല്ലാ മഴയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതേതുടർന്നാണ് സർക്കാർ സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ബി.ബി.എം.പി തയാറാക്കിയത്. മഹാദേവപുര സോണിൽ വൻകിടക്കാരുടെ 15 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ബാഗമനെ ടെക് പാർക്, പൂർവ പാരഡൈസ് ആൻഡ് അദേഴ്സ്, ആർ.ബി.ഡി, വിപ്രോ, ഇക്കോ സ്പേസ്, ഗോപാലൻ ബെള്ളന്തൂർ, ഗോപാലൻ ഹൂഡി, ദിവ്യ സ്കൂൾ ആൻഡ് അദേഴ്സ്, ഗോപാലൻ ആൻഡ് അദേഴ്സ് ഹൂഡി, ആദർശ, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ന്യൂ ഹൊറിസോൺ കോളജ്, ആദർശ റിട്രീറ്റ്, എപിസ്ലോൺ ആൻഡ് ദിവ്യ ശ്രീ, പ്രസ്റ്റീജ്, സലാപൂരിയ ആൻഡ് ആദർശ, നാലപ്പാട് എന്നീ 15 കമ്പനികളുടെ കെട്ടിടങ്ങളാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.