ബംഗളൂരു: ബാഗൽകോട്ട് ജില്ലയിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയടക്കമുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ ബി.ജെ.പി യോഗത്തിൽ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി വീരണ്ണ ചരന്ദിമതിന്റെ പരാജയത്തിനായി പ്രവർത്തിച്ച നേതാക്കളെ യോഗത്തിൽ നിന്ന് പുറത്താക്കണമെന്ന് പ്രവർത്തകനായ രാജു രേവങ്കർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സ്റ്റേജിൽ ഇരിക്കുകയായിരുന്ന ചില നേതാക്കൾക്കെതിരെയായിരുന്നു പ്രതിഷേധം.
പാർട്ടിക്കു കീഴിലെ ഡോക്ടർമാരുടെ സംഘടനയുടെ ജില്ല പ്രസിഡന്റ് ഡോ. ശേഖർമാനെ, നേതാക്കളായ ശംഭുഗൗഡ പാട്ടീൽ, ചന്ദ്രകാന്ത് കേസനൂർ തുടങ്ങിയ നേതാക്കൾ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്നും ഇവരെ യോഗത്തിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ഉന്നയിച്ച് രേവങ്കർ പൊട്ടിത്തെറിച്ചു. ഇതോടെ മറുവിഭാഗവും രംഗത്തിറങ്ങി. ഇരുപക്ഷവും തമ്മിൽ വാക്കേറ്റം രൂക്ഷമായി.
പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അനിഷ്ടസംഭവങ്ങൾ. സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച ഇവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും യോഗത്തിൽനിന്ന് പുറത്താക്കണമെന്നും വീരണ്ണയുടെ അനുയായികൾ ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ മുൻമന്ത്രി ഗോവിന്ദ് കർജോൾ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇരുകൂട്ടരും പിന്തിരിഞ്ഞില്ല. ഇതോടെ വീരണ്ണ തന്നെ രംഗത്തെത്തി അനുയായികളോട് ബഹളം നിർത്താൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച വീരണ്ണ ഡോ. മനെയും എം.എൽ.സിയായ പി.എച്ച്. പൂജാറും നഗരത്തിൽ ശിവജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞുവെഞ്ഞ് ആരോപിച്ചു. ഇതിനു മറുപടി പറയാനായി ഡോ. മനെ ഒരുങ്ങിയെങ്കിലും മറുഭാഗം സംസാരിക്കാൻ അനുവദിച്ചില്ല. ഇതോടെ പ്രശ്നം രൂക്ഷമായി. യോഗം നടന്ന ഹാളിലേക്ക് പൊലീസ് എത്തി ഡോ. മനെയെയും അനുയായികളെയും പുറത്തേക്കു കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായതും യോഗം പുനരാരംഭിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.