ബംഗളൂരു: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കർണാടകയോട് കാണിക്കുന്ന അവഗണനക്ക് പരിഹാസത്തിന്റെ പരസ്യപ്രതികരണവുമായി കർണാടക കോൺഗ്രസ്. വെള്ളിയാഴ്ച കർണാടകയിലെ ഇംഗ്ലീഷ്, കന്നട ദിനപത്രങ്ങളിലെ ഒന്നാം പേജിൽ ‘ചൊമ്പ്’ (കാലിയായ കുടം) ചിത്രം ജാക്കറ്റ് പരസ്യമായി നൽകിയാണ് കേന്ദ്രത്തിന്റെ നടപടി സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകിയത്.
‘കർണാടകക്ക് മോദി സർക്കാറിന്റെ സമ്മാനം -കാലിക്കുടം!’ എന്നതായിരുന്നു ചിത്രത്തിന് നൽകിയ ശീർഷകം. ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം എത്തിക്കുമെന്നത്, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത്, സംസ്ഥാനത്തെ വരൾച്ച-വെള്ളപ്പൊക്ക ദുരിതാശ്വാസം തുടങ്ങിയവയിലൊക്കെ പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി സർക്കാർ നൽകിയതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അതിനു പുറമെ, ബി.ജെ.പിയുടെയും ജെ.ഡി-എസിന്റെയും എം.പിമാരുടെ സംഭാവനയും കാലിക്കുടം പോലെയാണെന്നും ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാലിക്കുടം തന്നെ തിരിച്ചുനൽകാമെന്നും വോട്ടർമാരോട് പരസ്യത്തിലൂടെ പറയുന്നു.
ഈ വേനലിൽ ബംഗളൂരുവിലെ ജനങ്ങൾക്ക് ഒരു തുള്ളി വെള്ളംപോലും നൽകാനാവാത്ത കോൺഗ്രസ് സർക്കാർ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണ് നൽകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.