ബംഗളൂരു: വൻതോതിലെ പണമൊഴുക്കും ക്രിമിനൽ കൈയൂക്കും ഇന്ത്യയുടെ തെരഞ്ഞെടുപ്പിന്റെ സത്യസന്ധതയെ നശിപ്പിക്കുന്നുവെന്നും പൂർണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ ആധാരമാക്കിയുള്ള വോട്ടെടുപ്പ് പ്രക്രിയ ജനാധിപത്യ തത്ത്വങ്ങൾക്ക് വഴങ്ങുന്നതല്ലെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരു കൂട്ടം സിവിൽ സൊസൈറ്റി സംഘടനകളുടെ കീഴിൽ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ കുറിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച കൺവെൻഷൻ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. തന്റെ വോട്ട് ആർക്കാണ് ചെയ്തത് എന്ന് ഉറപ്പുവരുത്താനുള്ള അവകാശം രാജ്യത്തെ ഓരോ വോട്ടർക്കുമുണ്ട്. എന്നാൽ, യന്ത്രത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പ് വ്യവസ്ഥ അത്തരം അവകാശം ഉറപ്പുനൽകുന്നില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം അടിയന്തരമായി മാറ്റേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾക്ക് ഉപയോഗിക്കുന്ന സോഫ്റ്റ്വെയറും ഹാർഡ് വെയറും സ്വതന്ത്രമായിരിക്കണമെന്നും അവ പരിശോധിക്കപ്പെടാൻ കഴിയണമെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യുന്നതിന് മുമ്പ് വിവി പാറ്റിന്റെ പ്രിന്റ് വോട്ടർക്ക് നൽകാൻ കഴിയുകയും വോട്ടുചെയ്തതിൽ പിശക് അനുഭവപ്പെട്ടാൽ അത് റദ്ദാക്കാൻ അവസരം ഒരുക്കുകയും വേണം.
തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ നടക്കുന്ന മാധ്യമ ലംഘനങ്ങളും വ്യാജ വാർത്തകളുടെ ഒഴുക്കും നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കാര്യക്ഷമമായി ഇടപെടണം. യന്ത്രവും (മെഷീൻ) പണവും (മണി) മാധ്യമങ്ങളുമാണ് (മീഡിയ) ഇന്ത്യയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വെല്ലുവിളിയായി നിൽക്കുന്നതെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. കോൺസ്റ്റിറ്റ്യൂഷനൽ കണ്ടക്ട് ഗ്രൂപ്, ജൻ സരോകർ, നാഷനൽ അലയൻസ് ഓഫ് പീപ്ൾസ് മൂവ്മെന്റ്, ഇലക്ഷൻ വാച്ച് (കർണാടക)എന്നിവയുടെ നേതൃത്വത്തിൽ ബെൻസൻ ടൗണിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച കൺവെൻഷനിൽ മേധ പട്കർ, ദേവസഹായം, അഞ്ജലി ഭരദ്വാജ്, നിഖിൽ ദേ, ത്രിലോചൻ ശാസ്ത്രി, അമൃത ജോരി തുടങ്ങിയവർ ചർച്ച നയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉന്നയിച്ച പരാതികൾക്കൊന്നും നിർഭാഗ്യവശാൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിപോലും ലഭിച്ചില്ലെന്ന് പ്രമേയത്തെ തുടർന്നുള്ള ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നയിച്ച സമരത്തിനും ഏറെ ക്ലേശങ്ങൾക്കുംശേഷം നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ രാജ്യം ഇന്ന് പോരാടുന്ന സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് എം.എൽ.സിയും മുൻ ബംഗളൂരു മേയറുമായ പി.ആർ. രമേശ് പറഞ്ഞു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നമ്മൾ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംവിധാനം മാറ്റിയതുകൊണ്ടുമാത്രം സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് കോർപറേറ്റുകൾ ഒഴുക്കുന്ന പണം തീർക്കുന്ന പണാധിപത്യം പ്രധാന ഭീഷണിയാണെന്നും സി.പി.എം കർണാടക സെക്രേട്ടറിയറ്റംഗം കെ. പ്രകാശ് ചൂണ്ടിക്കാട്ടി. മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള സാമൂഹിക ക്രമം ഇന്ത്യയിലെ യാഥാർഥ്യങ്ങളാണെന്നും എന്നാൽ, സമൂഹത്തെ വിഭജിക്കാൻ അതുപയോഗിക്കരുതെന്നും ആം ആദ്മി പാർട്ടി നേതാവ് പ്രിഥ്വി റെഡ്ഡി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും കൺവെൻഷനിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ബി.ജെ.പി, ജെ.ഡി-എസ് പ്രതിനിധികൾ പങ്കെടുത്തില്ലെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.