പ്രതികളെ സന്ദർശിച്ച ശേഷം ബി.ജെ.പി എം.എൽ.എമാർ പുറത്തേക്ക് വരുന്നു
മംഗളൂരു: ഉഡുപ്പിയിൽ മീൻ മോഷണം ആരോപിച്ച് ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച കേസിൽ അറസ്റ്റിലായ അഞ്ച് പേരെ ബി.ജെ.പി എം.എൽ.എമാർ ജയിലിൽ സന്ദർശിച്ചു. ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ, ബെൽത്തങ്ങാടി എം.എൽ.എ ഹരീഷ് പൂഞ്ച എന്നിവരാണ് മംഗളൂരു ജയിൽ സന്ദർശിച്ചത്. കേസുമായി ബന്ധപ്പെട്ട് എം.എൽ.എമാർ പ്രതികളുമായി സംസാരിച്ചു. ലീല, പാർവതി ലക്ഷ്മിഭായി, സുന്ദർ, ശിൽപ എന്നിവരാണ് ജയിലിൽ റിമാൻഡിൽ കഴിയുന്നത്.
സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തീരദേശ ജില്ലകളിലെ പൊലീസ് വകുപ്പിനെ കോൺഗ്രസ് പാർട്ടി ഓഫിസായി ഉപയോഗിക്കുകയാണെന്ന് യശ്പാൽ സുവർണ ആരോപിച്ചു. കഠിനാധ്വാനം ചെയ്യുന്നവരോടുള്ള അനീതി വെച്ചുപൊറുപ്പിക്കില്ല. പുരുഷന്മാരെപ്പോലെ സ്ത്രീകളും ജീവൻ പണയപ്പെടുത്തി മത്സ്യബന്ധന തൊഴിലിൽ തുല്യമായി ഏർപ്പെടുന്നു. പൊലീസ് ഈ കേസ് കൈകാര്യം ചെയ്ത രീതി അംഗീകരിക്കാനാവില്ല. അവർ തങ്ങളുടെ പെരുമാറ്റം തിരുത്തിയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരും . എം.എൽ.എ, മത്സ്യത്തൊഴിലാളി എന്നീ നിലകളിൽ താൻ അവർക്കൊപ്പം നിൽക്കുന്നു. ഉഡുപ്പിയിലും മംഗളൂരുവിലും കോൺഗ്രസിന് നേട്ടങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളക്കേസുകൾ ചുമത്തുന്നത്. വരും ദിവസങ്ങളിൽ തങ്ങളുടെ പ്രവർത്തകരുടെ ശക്തി പ്രകടിപ്പിക്കുമെന്ന് യശ്പാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.