ബംഗളൂരു: കേരളത്തിന്റെ പുതുവര്‍ഷ ആഘോഷമായ വിഷുവും തമിഴ്നാടിന്റെ പുതുവർഷ ആഘോഷമായ പൊങ്കലും പോലെ കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പുതുവര്‍ഷാഘോഷമാണ് ഉഗാദി. സംസ്കൃതത്തില്നിന്നുള്ള യുഗം, ആദി (തുടക്കം) എന്നീ വാക്കുകളില്‍നിന്നാണ് ഉഗാദിയുടെ പിറവി.
വീട് വൃത്തിയാക്കുക, പൂക്കള്‍കൊണ്ടും ദീപങ്ങൾകൊണ്ടും അലങ്കരിക്കുക, മാവില തോരണം തൂക്കുക, കോലമിടുക, ആറ് രുചികള്‍ ചേര്‍ന്ന പച്ചടി എന്നിവയാണ് ഉഗാദി ആഘോഷത്തിലെ അവിഭാജ്യ ഘടകങ്ങള്‍. ബംഗളൂരുവിൽ ഓഫിസുകളും അപ്പാർട്മെന്റുകളും ഉഗാദി ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. വേനല്‍ ചൂടേറിയതോടെ ഉഗാദി വിപണിയില്‍ പൂക്കള്‍ക്കും പഴങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്.
ചെണ്ടുമല്ലി, റോസ, കനകാംബരം എന്നീ പൂക്കളുടെ വില 100 രൂപയോളം വര്‍ധിച്ചു. ഇത്തവണ ചെറിയ പെരുന്നാളും ഉഗാദിയും ഒന്നിച്ചു വന്നതോടെ പഴം വിപണിയിലും വില വര്‍ധന പ്രകടമാണ്. മാമ്പഴം 60 രൂപ മുതല്‍ 120 രൂപ വരെയാണ് വില. യെല്ലക്കി -80 രൂപ, ആപ്പിള്‍ -350 രൂപ എന്നിങ്ങനെയാണ് വില നിലാവാരം.
ആഘോഷങ്ങള്‍ ഒരുമിച്ച് എത്തിയതോടെ പൂക്കളുടെ ആവശ്യകത ഉയര്‍ന്നതും കനത്ത ചൂടില്‍ പൂക്കള്‍ കേടുവരുന്നതും പൂ വിപണിയെ സാരമായി ബാധിക്കും. പഴങ്ങള്‍ക്ക് 50 മുതല്‍ 60 വരെ ശതമാനം വില വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. ബീന്‍സ്, കാരറ്റ്, കാപ്സിക്കം, ചീര എന്നിവക്ക് വില വര്‍ധിച്ചു. മാങ്ങ, ആര്യവേപ്പില എന്നിവക്ക് മൂന്നു രൂപ മുതല്‍ അഞ്ചു രൂപ വരെ വര്‍ധിച്ചു. മറ്റു പച്ചക്കറികളുടെ വിലയില്‍ കാര്യമായ വര്‍ധനയില്ല.
പെരുന്നാള്‍ വിപണി തുടങ്ങിയതോടെ മാംസാഹാരത്തിനും വില വര്‍ധിച്ചു. ഉഗാദി യാത്രാ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തും പുറത്തും കര്‍ണാടക സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് (കെ.എസ്.ആര്.ടി.സി) സ്പെഷൽ സർവിസുകൾ ഏർപ്പെടുത്തി. ഓണ്‍ലൈന്‍ വിപണികളായ സ്വിഗ്ഗി ഇന്‍സ്റ്റാ മാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയിലും ഉഗാദിക്കാവശ്യമായ വസ്തുക്കൾക്ക് വില വര്‍ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.