മംഗളൂരു: ഏഴുവർഷം ഉപജീവനം തേടിയ മാൽപെ തുറമുഖം ഉപേക്ഷിച്ച് ദലിത് വനിത ലക്കിബായ് വിജയപുരയിലേക്ക് മടങ്ങുന്നു. മരത്തിൽ കെട്ടിയിട്ട് മർദിച്ചപ്പോൾ ദേഹത്തേക്കാൾ നൊന്തത് നെഞ്ചകമായിരുന്നു. സ്വന്തമെന്ന് കരുതിയവർ വളഞ്ഞുനിന്ന് ചിരിച്ച, ഒപ്പം നിൽക്കുമെന്നാശിച്ചവർ അസഭ്യം ചൊരിഞ്ഞ് ആക്രോശിച്ച ഈ കടപ്പുറം ഇനി എന്നും പേടിപ്പെടുത്തുന്ന ഓർമയാവും. താൻ ഇവിടെ തുടരുന്ന കാലത്തോളം അശാന്തി തിരയടിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരു കള്ളിയല്ല. ഈ കടപ്പുറം ഇനി അത് വിശ്വസിക്കില്ല. ആരോടും പരിഭവമില്ലാതെയാണ് മടക്കം.
പരാതി നൽകേണ്ടെന്ന് സംഭവം നടന്നതിനുപിന്നാലെ ധാരണയിൽ എത്തിയിരുന്നു. വലിയ ചർച്ചയായതോടെ പൊലീസ് നിർബന്ധിച്ച് പരാതി എഴുതി വാങ്ങിയതാണ്. കേസ് അന്വേഷണം തുടരുന്നിടത്തോളം അങ്ങനെ പ്രയാസപ്പെടുന്നവർ കൂടിയേക്കും. അവർക്കും എനിക്കും ഇവിടെ മനഃസമാധാനത്തോടെ കഴിയാനാവില്ലെന്ന് ലക്കിബായ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീൻ മോഷണം ആരോപിച്ച് ലക്കിബായിയെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലീല, പാർവതി, ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പ്രായപൂർത്തിയാകാത്ത പ്രദേശവാസി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.