മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലിക്കിടയിൽ മരിച്ച ദലിതനായ തൊഴിലാളിയുടെ മൃതദേഹം നടുറോഡിൽ തള്ളിയ സംഭവത്തിൽ നാലുപേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ ടൗണിന്റെ ഉൾഭാഗത്ത് പ്രവർത്തിക്കുന്ന സിമന്റ് ഫാബ്രിക്കേഷൻ ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന ശിവപ്പയുടെ (70) മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ ഫാക്ടറി ഉടമ ഹെൻട്രി ടൗറോ(52), മകൻ കിരൺ (26), സഹായികളായ പ്രകാശ് (41), സ്റ്റാൻലി (33) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 16നുണ്ടായ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടർന്നാണ് അറസ്റ്റ് നടന്നത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ശിവപ്പയെ ആശുപത്രിയിൽ എത്തിക്കാൻ ഫാക്ടറി ഉടമ കൂട്ടാക്കിയിരുന്നില്ല. മരിച്ചതിനെത്തുടർന്ന് മൃതദേഹം ടിപ്പർ ലോറിയിൽ കയറ്റി ശിവപ്പയുടെ കെരെമൂലയിലെ വീടിന് മുന്നിൽ നടുറോഡിൽ തള്ളുകയായിരുന്നു. ഫാക്ടറി ഉടമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആദി ദ്രാവി സമാജ സേവ് സംഘയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിനും പുത്തൂർ പൊലീസ് സ്റ്റേഷനും മുന്നിൽ തുടർച്ചയായ പ്രതിഷേധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.