ബംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ എൻ.ആർ പുര താലൂക്കിൽ ബാലെഹോന്നൂർ ചിക്ക അഗ്രഹാര വനമേഖലയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. നാല് കുട്ടികൾ ഉൾപ്പെടെ 30 കുരങ്ങിൻ ജഡങ്ങളാണ് കണ്ടെത്തിയത്. വിഷം നൽകി മയക്കിയ ശേഷം തല്ലിക്കൊന്ന് വാഹനത്തിൽ കൊണ്ടുവന്ന് റോഡരികിൽ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം.
കുരങ്ങുകളുടെ ജഡം കണ്ട നാട്ടുകാർ വനം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പ് ചത്ത കുരങ്ങുകളുടെ പോസ്റ്റ്മോർട്ടം നടത്തി. എല്ലാ കുരങ്ങുകളുടെയും തലക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോസ്റ്റ്മോർട്ടത്തില്‍, വയറിലും കുടലിലും വാഴപ്പഴം കണ്ടെത്തിയതിനാല്‍, വാഴപ്പഴത്തില്‍ ഒളിപ്പിച്ച് വിഷം നല്‍കിയതായി സംശയിക്കുന്നു. കുരങ്ങുകളെ കൊന്ന കുറ്റവാളികളെ കണ്ടെത്താൻ പൊലീസും വനംവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചു. കാപ്പി, വാഴ തുടങ്ങിയ വിളകള്‍ സംരക്ഷിക്കാൻ മലയോരവാസികള്‍ കുരങ്ങുപിടിത്തക്കാരെ ഏർപ്പാട് ചെയ്യുന്നതായി പ്രചാരണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.