ബംഗളൂരു: സിദ്ധനഹള്ളി നാഗരഥ് പേട്ടിൽ ജുമാമസ്ജിദ് റോഡിൽ കടയുടമക്ക് മർദനമേറ്റ കേസിൽ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എം.പിമാരായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ എന്നിവരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച സിദ്ധണ്ണ ഗലിയിലാണ് സംഭവം. മർദനമേറ്റ കടയുടമക്ക് ഐക്യദാർഢ്യവുമായെത്തിയതായിരുന്നു എം.പിമാരും ഹിന്ദുത്വ പ്രവർത്തകരും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ പ്രതിഷേധത്തിന് മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാരെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനുമാൻ സ്ത്രോത്രം ചൊല്ലിയാണ് പ്രതിഷേധക്കാരെത്തിയത്. 40 പേരെ മുൻകരുതൽ കസ്റ്റഡിയിലെടുത്തതായി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ അൾസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഞായറാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. തന്റെ കടയിൽ ‘ഹനുമാൻ സ്തോത്രം’ വെച്ചതിന് അഞ്ചുപേരടങ്ങുന്ന സംഘം തന്നെ മർദിക്കുകയായിരുന്നെന്നാണ് കടയുടമയായ മുകേഷിന്റെ (26) ആരോപണം. ബാങ്ക് സമയത്ത് ഇനി ഇതാവർത്തിച്ചാൽ കട അടിച്ചുതകർക്കുമെന്നും കത്തികൊണ്ട് കുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മുകേഷ് പറഞ്ഞു. എന്നാൽ, കേസിന് മതപരമായ ബന്ധമൊന്നുമില്ലെന്നും ബാങ്ക് സമയത്ത് ഹനുമാൻ സ്തോത്രം വെച്ചതിനാണ് മർദനമെന്ന മുകേഷിന്റെ ആരോപണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ മൂന്നുപേർ തിങ്കളാഴ്ചയും രണ്ടുപേർ ചൊവ്വാഴ്ചയും അറസ്റ്റിലായി.
കടയുടമയായ മുകേഷിന് പിന്തുണയുമായി കാവി ഷാൾ അണിഞ്ഞ് സംഭവസ്ഥലത്തെത്താൻ ഹിന്ദുത്വ പ്രവർത്തകരോട് ബംഗളൂരു സൗത്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് പേരാണ് ഹനുമാൻ ചാലിസ മുഴക്കിയെത്തിയത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ പൊലീസ് എം.പിമാരെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹനും സംഭവസ്ഥലത്തെത്തിയിരുന്നു.
വർഗീയ സംഘർഷത്തിന് വഴിവെക്കുന്ന പ്രസ്താവന നടത്തിയ തേജസ്വി സൂര്യ എം.പി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസിൽ പരാതി നൽകി. കോൺഗ്രസ് ലീഗൽ വിഭാഗം ജനറൽ സെക്രട്ടറി സൂര്യ മുകുന്ദരാജ് ആണ് പരാതി നൽകിയത്. കടയുടമയെ കൈയേറ്റം ചെയ്തതായി പറയുന്ന സംഭവം എം.പി സാമുദായികവത്കരിച്ചു. മതവികാരം ഇളക്കിവിടുന്ന പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘന പരിധിയിൽ വരുമെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.