ബംഗളൂരു: കോൺഗ്രസിന്റെ കർണാടകയിലെ ഏക സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ ആസ്തിയിൽ വൻ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 75 ശതമാനമാണ് ആസ്തിയിലുണ്ടായ വർധന.
തനിക്ക് 593 കോടിയുടെ സമ്പത്തുള്ളതായി ഡി.കെ. സുരേഷ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. 2019ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 338 കോടിയായിരുന്നു ഡി.കെ. സുരേഷിന്റെ ആസ്തിയായി കാണിച്ചിരുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ബാധ്യതയിൽ 188 ശതമാനം വർധനയുണ്ടായതായും സത്യവാങ്മൂലത്തിൽ പറയുന്നു. 2019ൽ 51 കോടിയായിരുന്നു ബാധ്യത. ഇപ്പോൾ 150 കോടിയായി. തന്റെ പേരിൽ കൃഷിഭൂമിയും കൃഷി ഇതര ഭൂമിയും കെട്ടിടങ്ങളും രാമനഗരയിലും ബംഗളൂരുവിലുമായി ഉണ്ടെന്നും ഇവക്ക് ആകെ 486 കോടി വിലവരുമെന്നും ഡി.കെ. സുരേഷ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. തന്റെ സമ്പത്തിലെ 57.27 കോടി രൂപയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും 55.85 കോടി രൂപയും ആദായനികുതി വകുപ്പുമായും 1.42 കോടി രൂപ ബംഗളൂരുവിൽ വസ്തുനികുതിയുമായും ബന്ധപ്പെട്ട തർക്കത്തിലുൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.