ബംഗളൂരു: ഗാന്ധിബസാറിലെ കടകൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ബി.എം.പി. കടയുടമകൾക്ക് നൽകിയ നോട്ടീസിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് ഹൈകോടതി നിർദേശം. കഴിഞ്ഞദിവസം ബസാറിലെ ഒരു കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതിന് പിന്നാലെ കടയുടമകൾ സമർപ്പിച്ച ഹരജിയിലാണ് നടപടി. സ്മാർട്ട് സിറ്റി പദ്ധതിയിൽ മാർക്കറ്റ് പുതുക്കിപ്പണിയുന്നതിന് മുന്നോടിയായാണ് കടകൾ ഒഴിയണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 22ന് ബി.ബി.എം.പി നോട്ടീസ് നൽകിയത്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ കടകൾ ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ. ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയോ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ കടകൾ അനുവദിക്കുകയോ ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഇക്കാര്യത്തിൽ വിശദീകരണം തേടി ഹൈകോടതി ബി.ബി.എം.പിക്ക് നോട്ടീസയച്ചു. കേസ് വീണ്ടും 17ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.