കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികൾക്കൊപ്പം
ബംഗളൂരു: കേന്ദ്ര സർക്കാറിന്റെ അതിർത്തി നിർണയ നിർദേശത്തെ എതിർക്കുന്ന ഒരു സംസ്ഥാനത്തിനും പാർലമെന്ററി സീറ്റുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച പറഞ്ഞു. ചെന്നൈയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്താണ് ഡി.കെ.എസ് തന്റെ ഉറച്ച നിലപാട് പ്രകടിപ്പിച്ചത്. നമ്മൾ ഒറ്റക്കെട്ടായി നിന്ന് കേന്ദ്ര നീക്കത്തിനെതിരെ പോരാടി നമ്മുടെ സീറ്റുകൾ കുറയുന്നില്ലെന്ന് ഉറപ്പാക്കും.
മാധ്യമങ്ങൾ നമ്മുടെ ആശങ്കകൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ വ്യക്തിപരമായ ലക്ഷ്യത്തിനു വേണ്ടിയല്ല; മറിച്ച്, ഈ രാജ്യത്തിന്റെ വലിയ ലക്ഷ്യത്തിനു വേണ്ടിയാണ് പോരാടുന്നത്. കർണാടക ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. സാമ്പത്തികമായി രാജ്യത്തിന്റെ വളർച്ചക്ക് ഗണ്യമായ സംഭാവന നൽകുന്നു.
നമ്മൾ സമ്പാദിക്കുകയും ദേശീയ പൂളിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു. നമ്മൾ ഇന്ത്യയുടെ ഫെഡറൽ ഘടന ഉയർത്തിപ്പിടിക്കുന്നതിൽ വളരെ അഭിമാനമുണ്ട്. ഒരുമിച്ച് വരുന്നത് തുടക്കമാണ്, പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് പുരോഗതിയാണ്, ഒരുമിച്ച് പ്രവർത്തിക്കുന്നത് വിജയമാണ് എന്ന് താൻ എപ്പോഴും പറയാറുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 2002ൽ കൊണ്ടുവന്ന 84ാമത് ഭരണഘടന ഭേദഗതി ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു. രാജ്യത്തെയോ സീറ്റുകളെയോ നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല. 2002ൽ അന്തരിച്ച വാജ്പേയി അവതരിപ്പിച്ച എട്ട് ഭരണഘടന ഭേദഗതി മാറ്റാൻ കഴിയില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംഭാവനകൾ, പ്രത്യേകിച്ച് കുടുംബാസൂത്രണം, സാമ്പത്തിക വളർച്ച, സാക്ഷരത എന്നീ മേഖലകളിൽ എടുത്തുപറയേണ്ടതാണെന്ന് ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാന പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക് കരിങ്കൊടി കാണിച്ച ബി.ജെ.പിയെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിമർശിച്ചു. ബി.ജെ.പിയുടെ എല്ലാ കരിങ്കൊടികളെയും താൻ സ്വാഗതം ചെയ്യുന്നു. അവർ തന്നെ തിഹാർ ജയിലിലേക്ക് അയച്ചപ്പോൾ ഭയമില്ലായിരുന്നു.
ഇപ്പോഴും ഭയമില്ല. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ നമ്മുടെ സംസ്ഥാനത്തെ ഒരു ദരിദ്രനാണ്. അദ്ദേഹം നമ്മെ സേവിച്ചു. അദ്ദേഹത്തിന് നമ്മുടെ ശക്തി അറിയാം. അദ്ദേഹം തന്റെ ജോലി ചെയ്യട്ടെ. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു -ശിവകുമാർ പറഞ്ഞു. നേരത്തേ കർണാടകയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച തമിഴ്നാട് ബി.ജെ.പി മേധാവി കെ. അണ്ണാമലൈയെക്കുറിച്ചായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.