ബംഗളൂരു: ഈ വർഷത്തെ വനിത ദിനത്തിലെ ഐക്യരാഷ്ട്രസഭയുടെ പ്രധാന മുദ്രാവാക്യമായ ‘ഇൻവെസ്റ്റ് ഇൻ വിമൻ, ആക്സിലറേറ്റ് പ്രോഗ്രസ്’ എന്നത് യഥാർഥത്തിൽ ചൂഷണത്തിന്റെ വഴിതന്നെയാണെന്ന് നടിയും പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വർഷ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ വേദി വനിതദിന ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിച്ച സെമിനാറിൽ ‘സാംസ്കാരിക പ്രതിരോധത്തിന്റെ പെൺവഴികൾ’ എന്നവിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.
ഇന്ന് കാണുന്ന കപട കോർപറേറ്റ് തന്ത്രങ്ങളുടെ കച്ചവടത്തെ ത്വരിതപ്പെടുത്താൻ തങ്ങളെ ഇൻവെസ്റ്റ് ചെയ്യാൻ തയാറല്ല എന്നും ഒരു വ്യക്തിയായി പുരുഷനോടൊപ്പം തോളോടു ചേർത്ത് നിർത്തുന്ന ‘ഇൻസ്പയർ ഇൻക്ലൂഷൻ’ ആണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്ക് ഒരു രാഷ്ട്രീയവും ഇല്ല എന്ന് പറയുകയും എല്ലാ രാഷ്ട്രീയപരമായ അധമ ചിന്തകളും ഒളിച്ചുകടത്താനുള്ള ഒരിടമായി നമ്മൾ മാറുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നും തനിക്ക് രാഷ്ട്രീയവും സാമൂഹികമായ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ഉണ്ട് എന്ന് ഉറക്കെ പറയുന്നതാണ് ഒരു സ്ത്രീയുടെ മഹത്ത്വം. വോട്ടവകാശം നേടിയെടുത്ത് കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും സ്ത്രീകളുടെ രാഷ്ട്രീയപ്രാതിനിധ്യം മൂന്നിലൊന്ന് മാത്രമായി നിലനിൽക്കുന്നു. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കപട ശാസ്ത്രീയവത്കരിക്കുകയും വിശ്വാസങ്ങളെ കച്ചവടമാക്കുകയും ചെയ്തു. ഏറ്റവും വലിയ തീർഥാടക ടൂറിസ്റ്റ് കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു എന്നും ഗായത്രി ചൂണ്ടിക്കാട്ടി.
യോഗത്തിൽ വനിത വിഭാഗം ചെയർപേഴ്സൻ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.ജി. ഗീത നാരായണൻ, ലക്ഷ്മി മധുസൂദനൻ, രതി സുരേഷ്, ഷീജ റെനീഷ്, ആർ.വി. ആചാരി, ആർ.വി. പിള്ള, സഞ്ജീവ്, ചന്ദ്രശേഖരൻ നായർ, അന്നമ്മ മാത്യു, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, രമ പ്രസന്ന പിഷാരടി എന്നിവർ കവിത ആലപിച്ചു. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും ചന്ദ്രിക ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.