കവനയും പിതാവ് മഞ്ജുനാഥും
ബംഗളൂരു: കർണാടകയിൽ അന്യജാതിയിൽപെട്ടയാളെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി. ബംഗളൂരു വിമാനത്താവളത്തിനടുത്ത ദേവനഹള്ളിക്കടുത്ത ബിദളുരു വില്ലേജിലെ 20കാരിയായ കോളജ് വിദ്യാർഥിനി കവനയെയാണ് പിതാവ് മഞ്ജുനാഥ് കൊലപ്പെടുത്തിയത്.
ഇതര സമുദായക്കാരനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഇയാൾ മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബന്ധം തുടർന്നതോടെ കോപാകുലനായ ഇയാൾ കത്തിയെടുത്ത് മകളുടെ കഴുത്തിലും കൈകളിലും കാലിലും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം ഇയാൾ വിശ്വനാഥപുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തന്റെ പ്രണയബന്ധത്തിൽ പിതാവിന് എതിർപ്പുള്ള കാര്യം കവനതന്നെ മുമ്പ് പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞയാഴ്ച കവനയെ സർക്കാറിന്റെ സ്ത്രീകൾക്കായുള്ള കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്തുവന്നാലും പ്രണയിച്ചയാളെ താൻ വിവാഹം കഴിക്കുമെന്നായിരുന്നു കവനയുടെ നിലപാട്. കഴിഞ്ഞ മാസം കോലാർ ജില്ലയിൽ ഇത്തരത്തിൽ രണ്ട് ദുരഭിമാനക്കൊലകൾ നടന്നിരുന്നു. ഇതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് പുതിയ സംഭവം.
സമൂഹത്തിലെ ആഴത്തിലുള്ള ജാതിവ്യവസ്ഥ, സാമൂഹിക ആചാരങ്ങൾ, ജനങ്ങളുടെ മനോഭാവം എന്നീ കാരണങ്ങളാലാണ് ഇത്തരത്തിലുള്ള കൊലകൾ ഉണ്ടാകുന്നതെന്നും ദുരഭിമാനക്കൊലകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.