മംഗളൂരു: അർബുദ രോഗം വരുത്തുന്നവയുടെ കൂട്ടത്തിൽ ലോകാരോഗ്യ സംഘടന അടക്കയെ ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്ത് മംഗളൂരുവിലെ നിറ്റെ യൂനിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ. അർബുദം വരുത്തുകയല്ല കാൻസർ കോശങ്ങളെ നിർവീര്യമാക്കുകയാണ് അടക്ക ചെയ്യുന്നതെന്ന് നിറ്റെ റിപ്പോർട്ട് അവകാശപ്പെട്ടു. സമഗ്ര ഗവേഷണം നടത്താതെ പുകയില ഉൽപന്നങ്ങളായ പാൻമസാല, ഗുട്ഖ എന്നിവയിലെ അടക്കയുടെ ചേരുവ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയതെന്ന് നിറ്റെ യൂനിവേഴ്സിറ്റിയിലെ വിദഗ്ധർ നിരീക്ഷിച്ചു.
പ്രകൃതിദത്ത രൂപത്തിലുള്ള അടക്കയും ലഹരിക്കൂട്ടിൽ അത് ചേരുമ്പോഴുണ്ടാവുന്ന അവസ്ഥയും ഭിന്നമാണ്. മൂന്ന് വർഷം മുമ്പ് കേരള -കർണാടക സംയുക്ത സഹകരണ സ്ഥാപനമായ കാംപ്കോ, അടക്ക ഗവേഷണ -വികസന ഫൗണ്ടേഷൻ, നിറ്റെ യൂനിവേഴ്സിറ്റി എന്നിവ അടക്കയുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ ധാരണപത്രം ഒപ്പുവെച്ചിരുന്നു. നാല് മേഖലകളിൽ ഗവേഷണം നടത്താനായിരുന്നു ധാരണ.
ഇതിൽ അലങ്കാര മീൻ സീബ്രാഫിഷ്, ഈച്ചകൾ, കാൻസർ കോശങ്ങൾ എന്നിവയിൽ അടക്ക സത്തിന്റെ സ്വാധീനം എന്നീ മൂന്ന് മേഖലകളിൽ ഗവേഷണം ലോകപ്രശസ്ത ഗവേഷകൻ പ്രഫ. ഇദ്യ കരുണ സാഗറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഇതോടെ ജല, കര-വായു ജീവികളിൽ അർബുദത്തിന് അടക്ക കാരണമാവുന്നില്ലെന്നും അർബുദ കോശ സംഹാരിയാണെന്നും കണ്ടെത്താനായി. അടക്ക ചവക്കുന്നവരുടെ ശാസ്ത്രീയ സർവേയാണ് ഇനി പൂർത്തിയാവാനുള്ളത്. ആദ്യത്തെ മൂന്ന് മേഖലകളിലെ പൂർത്തിയായ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ സജ്ജമായി.
ഈ കണ്ടെത്തലുകൾ അടക്കയുടെ ദോഷകരമല്ലാത്ത സ്വഭാവത്തെക്കുറിച്ച് പരമ്പരാഗത വിശ്വാസങ്ങളുമായി പൊരുത്തപ്പെടുക കൂടി ചെയ്യുന്നു. പുകയിലയുമായി സംയോജിപ്പിക്കാതെ അടക്ക മാത്രം ചവക്കുന്നവരെ കേന്ദ്രീകരിച്ചാണ് പഠനത്തിന്റെ നാലാം ഘട്ടം. ഈ സർവേ ദൗത്യവുമായി നിറ്റെ സർവകലാശാലയിലെ കമ്യൂണിറ്റി ഡെന്റർ ഹെൽത്ത് ഡിപ്പാർട്മെന്റ് മുന്നോട്ട് പോവുന്നു. ഇതിന് വിപുലമായ സാമ്പ്ൾ സർവേ ആവശ്യമായതിനാൽ കൂടുതൽ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.