ബംഗളൂരു: അഗ്നിബാധയും അത്യാഹിതങ്ങളും സംഭവിച്ചാൽ വിളിപ്പുറത്ത് കുതിച്ചെത്തേണ്ട കർണാടകയിലെ സേനയുടെ ഉള്ളിലിപ്പോൾ തീയാണ്. 15 വർഷം പിന്നിട്ട വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിയമവിരുദ്ധം. സംഭവസ്ഥലങ്ങളിൽ എത്തേണ്ടത് കൃത്യനിർവഹണം.
കർണാടക സർക്കാർ 2022ൽ ഭേദഗതി വരുത്തിയ ഗതാഗത നിയമം അനുസരിച്ച് 15 വർഷമോ അതിലധികമോ പഴക്കമുള്ള വാഹനങ്ങൾ ആക്രിയാണ്. എൻജിൻ പ്രവർത്തനക്ഷമമായാലും നിയമത്തിൽ ഇളവില്ല.
ഈ നിയമം മൂലം അഗ്നിരക്ഷ സേന നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി ഫയർ ആൻഡ് എമർജൻസി വിഭാഗം ഡി.ജി.പി കമൽ പന്ത് സർക്കാറിന് തുടർച്ചയായി മൂന്നു കത്തുകൾ അയച്ചെങ്കിലും മറുപടി ലഭ്യമായില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് സേനയുടെ 400 വാഹനങ്ങളിൽ 284 എണ്ണം 15 വർഷമോ അധികമോ പഴക്കമുള്ളവയാണെന്ന് ഡി.ജി.പി കത്തിൽ പറഞ്ഞു. തള്ളിയാൽ സ്റ്റാർട്ടാവുന്ന, 35 വർഷംവരെ പഴക്കമുള്ളവയും കൂട്ടത്തിലുണ്ട്.
പുതിയ വാഹനങ്ങൾ വാങ്ങാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. അതിലേക്ക് കടന്നാലും ലഭ്യമാകാൻ മൂന്നു വർഷമെടുക്കും. രാജ്യത്ത് എട്ടോ ഒമ്പതോ കമ്പനികൾ മാത്രമാണ് ഫയർ സർവിസ് വാഹനങ്ങൾ നിർമിക്കുന്നത്. സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ഇളവുകൾ അഗ്നിരക്ഷ സേനക്കും നൽകി 15 വർഷം പിന്നിട്ട വണ്ടികൾ മൂന്നു വർഷം കൂടി സർവിസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യവും ഡി.ജി.പി ഉന്നയിച്ചു. ഇത് സാധ്യമായില്ലെങ്കിൽ ഒറ്റ വണ്ടി മാത്രമുള്ള ഫയർ സ്റ്റേഷനുകളുടെ പ്രവർത്തനം നിലക്കും.
കാട്ടുതീ പടരുന്ന സമയം അടുത്തിരിക്കെ അഗ്നിരക്ഷ സേനയുടെ ഉള്ളിൽ തീയാണെന്ന് വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫയർറെസ്ക്യു അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം കർണാടകയിൽ 2042 കാട്ടുതീയുണ്ടായെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇതിൽ 827 എണ്ണം വൻ തീപിടിത്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.