ബംഗളൂരു: ഇത്തവണ കർണാടകയിൽനിന്ന് ഹജ്ജിന് പോകുന്നവർ ആകെ 6744 പേർ. 50 വിമാനങ്ങളിലായാണ് ഇവർ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് പുറപ്പെടുക. വിസ്താര എയർലൈൻസാണ് സർവിസ് നടത്തുന്നത്. ബുധനാഴ്ച അഞ്ച് വിമാനങ്ങൾ സൗദിയിലേക്ക് പറന്നു. വ്യാഴാഴ്ച മൂന്ന് വിമാനങ്ങൾകൂടി പുറപ്പെടും. 22 വരെ മൂന്ന് വിമാനങ്ങൾ വീതം പുണ്യഭൂമിയിലേക്ക് തീർഥാടകരെയും വഹിച്ച് പറക്കും.
ആദ്യ വിമാനത്തിൽ 699 തീർഥാടകരാണുണ്ടായിരുന്നത്. വ്യാഴാഴ്ച മുതൽ 22 വരെ 403 തീർഥാടകർ വീതമാണ് സൗദിയിലേക്ക് തിരിക്കുക.
ഹെഗ്ഡെനഗർ തിരുമേനഹള്ളിയിലെ ഹജ്ജ്ഭവനിലെ ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഹജ്ജ് വകുപ്പ് മന്ത്രി റഹിം ഖാൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ), എ.ഐ.കെ.എം.സി.സി പ്രവർത്തകരും ഹജ്ജ് ക്യാമ്പിൽ സന്നദ്ധസേവനത്തിനുണ്ട്.
ഇത്തവണ മംഗളൂരു വിമാനത്താവളത്തിൽനിന്ന് ഹജ്ജ് വിമാനങ്ങൾ ഇല്ല. ഹജ്ജ് വിമാനങ്ങൾ പറത്താനായി വിവിധ കമ്പനികളിൽനിന്ന് വ്യോമയാന മന്ത്രാലയം ടെൻഡർ ക്ഷണിച്ചപ്പോൾ മംഗളൂരു ഇടംപിടിച്ചിരുന്നില്ല. കോവിഡ്കാലത്ത് മാത്രമാണ് ഇതിനുമുമ്പ് മംഗളൂരുവിൽനിന്ന് ഹജ്ജ് വിമാനങ്ങൾ ഉണ്ടാകാതിരുന്നത്. കണ്ണൂർ, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളിൽനിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങൾ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.