ബംഗളൂരു: നഗരത്തിലെ വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം വൻകിട കെട്ടിട നിർമാതാക്കളുമെന്ന് റിപ്പോർട്ട്. ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച വൻ കെട്ടിടങ്ങളാണ് മഴക്കാലത്ത് നഗരത്തെ വെള്ളത്തിൽ മുക്കുന്നത്. ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകൾ കൈയേറിയാണ് ഇത്തരം കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതിനാൽ മഴ പെയ്യുമ്പോൾ വെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നില്ല. നഗരത്തിൽ അടുത്തിടെ പെയ്ത എല്ലാ മഴയിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സ്ഥലം കൈയേറി നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ബി.ബി.എം.പി തയാറാക്കിയത്.
ആഗസ്റ്റ് 17നാണ് ഈ പട്ടിക തയാറാക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് പട്ടികയിലെ വിവരങ്ങൾ പുറത്തായത്. മഹാദേവപുര സോണിൽ കഴിഞ്ഞ ദിവസം വൻ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇതിന് വൻകിട കെട്ടിട നിർമാതാക്കളും ഐ.ടി കമ്പനികളും കൈയേറി നിർമിച്ച കെട്ടിടങ്ങളാണ് പ്രധാന കാരണമെന്നാണ് ബി.ബി.എം.പി റിപ്പോർട്ടിൽ പറയുന്നത്.
ബാഗമനെ ടെക് പാർക്, പൂർവ പാരഡൈസ് ആൻഡ് അദേഴ്സ്, ആർ.ബി.ഡി, വിപ്രോ, ഇക്കോ സ്പേസ്, ഗോപാലൻ ബെള്ളന്തൂർ, ഗോപാലൻ ഹൂഡി, ദിവ്യ സ്കൂൾ ആൻഡ് അദേഴ്സ്, ഗോപാലൻ ആൻഡ് അദേഴ്സ് ഹൂഡി, ആദർശ, കൊളമ്പിയ ഏഷ്യ ഹോസ്പിറ്റൽ, ന്യൂ ഹൊറിസോൺ കോളജ്, ആദർശ റിട്രീറ്റ്, എപിസ്ലോൺ ആൻഡ് ദിവ്യ ശ്രീ, പ്രസ്റ്റീജ്, സലാപൂരിയ ആൻഡ് ആദർശ, നാലപാട് എന്നീ 15 കമ്പനികളുടെ കെട്ടിടങ്ങളാണ് കൈയേറ്റം നടത്തി നിർമിച്ചിരിക്കുന്നതെന്നും ഇതാണ് മഹാദേവപുര സോണിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടങ്ങൾ മൂലം മഴവെള്ളം ഓവുചാലിലൂടെ ഒഴുകിപ്പോകുന്നില്ല. ഇതിനാൽ വെള്ളം റോഡിലേക്ക് കുത്തിയൊലിക്കുകയാണ്. പിന്നീട് ജനവാസകേന്ദ്രങ്ങളിലും വീടുകളിലുമടക്കം വെള്ളം കയറാൻ ഇത് കാരണമാകുകയും ചെയ്യുന്നു.
അനധികൃതമായി നിര്‍മിച്ച 700ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ടെന്നാണ് ബി.ബി.എം.പിയുടെ കണ്ടെത്തല്‍. വെള്ളപ്പൊക്കം രൂക്ഷമായിരുന്ന മഹാദേവപുര, ചിപ്പനഹള്ളി, മുന്നെ കൊലാല തുടങ്ങിയ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. മറ്റു ഭാഗങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വന്‍കിട സ്ഥാപനങ്ങളെ തൊടാതെ സാധാരണക്കാരുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുന്നതിനെതിരെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, അനധികൃത നിര്‍മാണം നടത്തിയവര്‍ക്കെതിരെ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നാണ് റവന്യൂ മന്ത്രി ആര്. അശോക കഴിഞ്ഞ ദിവസം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.