ബംഗളൂരു: ഭക്ഷ്യ സുരക്ഷ വകുപ്പ് ബംഗളൂരുവില്‍ നടത്തിയ പരിശോധനയില്‍ പാൽക്കട്ടിയിൽ (പനീർ) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷണ പദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്താകെ പാലുല്പന്നങ്ങളില് ഉപയോഗിക്കുന്ന ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്താനും ഭക്ഷ്യസുരക്ഷ നിയമ ലംഘനം കണ്ടെത്താനുമാണ് പരിശോധന നടത്തിയത്. മാര്‍ച്ച് 17 വരെ നടത്തിയ പരിശോധനയില്‍ 163 സാമ്പ്ളുകള്‍ ശേഖരിച്ചു. ഇവയില്‍ 17 എണ്ണം ബംഗളൂരുവില്‍ നിന്നാണ്.പ്രാഥമിക പരിശോധനയില്‍ 17 സാമ്പ്ളുകളില്‍ രണ്ടെണ്ണം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. 163 സാമ്പ്ളുകളില്‍ നാലെണ്ണമൊഴികെ ബാക്കി സാമ്പ്ളുകള്‍ മായം ചേര്‍ത്തതായി കണ്ടെത്തി. പരിശോധന തുടരുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ഫലം പുറത്തു വരുമെന്നും ഭക്ഷ്യ സുരക്ഷ കമീഷണര്‍ കെ. ശ്രീനിവാസ് പറഞ്ഞു. 2006ലെ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോബയല്‍, രാസ വിശകലനം, പനീറിന്റെ ഉറവിടം കണ്ടെത്തല്‍ എന്നീ രീതികളാണ് ഡിപ്പാർട്മെന്റ് പരിശോധനക്കായി സ്വീകരിച്ചിരിക്കുന്നത്.
ഐസ്ക്രീം, ശീതള പാനീയങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂനിറ്റുകളും അധികൃതർ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ 62,000 രൂപ പിഴ ചുമത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പനീറില്‍ കൊഴുപ്പ് വര്‍ധിക്കുന്നതിനായി സാധാരണ പാം ഓയില്‍, സോയാബീന്‍ ഓയില്‍ എന്നിവയും കട്ടിയാക്കാന്‍ വേണ്ടി അന്നജം, മൈദ പോലുള്ള പദാര്‍ഥങ്ങളും വെളുത്ത നിറം ലഭിക്കാനായി ഡിറ്റര്‍ജന്റ്, യൂറിയ എന്നിവയും ഉപയോഗിക്കുന്നുണ്ട്.
രാസവസ്തുക്കള്‍ കലര്‍ന്ന പനീര്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ധന, ഹൃദയ സംബന്ധ അസുഖങ്ങള്‍, വൃക്ക അസുഖങ്ങള്‍, കാന്‍സര്‍ എന്നിവക്ക് കാരണമാകുന്നുവെന്നും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ നിർമിച്ചെടുക്കുന്ന പനീറില്‍ സാല് മോണല്ല, ലിസ്റ്റീരിയ എന്നീ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാവുമെന്നും ഇവ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നതിനാല്‍ പനീര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.