ഭക്ഷ്യവിഷബാധ: മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

ബംഗളൂരു: ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് മംഗളൂരുവിലെ നഴ്സിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന മംഗളൂരു സിറ്റി നഴ്സിങ് കോളജ് എന്ന സ്വകാര്യ സ്ഥാപനമാണ് അടച്ചത്.

ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികൾ ഉൾപ്പെടെ 137 വിദ്യാർഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചതെന്ന് പ്രിൻസിപ്പൽ ശാന്തി ലോബോ അറിയിച്ചു. എ.ജെ, ഫാ. മുള്ളേർസ്, കെ.എം.സി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഏറെ പേരെയും രക്ഷിതാക്കൾ ഡിസ്ചാർജ് വാങ്ങി കൊണ്ടുപോയിരുന്നു. ഏതാനും വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തെ തുടർന്ന് മംഗളൂരുവിൽ പൊലീസ് കോളജ് അധികൃതരുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചിരുന്നു.ഭക്ഷ്യ വിഷബാധ എല്ലാ വർഷവും ആവർത്തിച്ചിട്ടും പരിഹാരം ഉണ്ടാവുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഞായറാഴ്ച തന്നെ കുട്ടികളിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ കണ്ടിട്ടും രക്ഷിതാക്കളെ അറിയിച്ചില്ലെന്ന ആരോപണവുമുയർന്നു.

ഞായറാഴ്ച അത്താഴം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലുമുതൽ പല കുട്ടികളും ഛർദിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, ക്ലാസുകളിൽ ഹാജരായി. ഇരുപതിലേറെ കുട്ടികളെ തിങ്കളാഴ്ച വൈകുന്നേരവും നൂറിലേറെ പേരെ രാത്രിയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

എല്ലാ കുട്ടികളുടെയും ചികിത്സാ ചെലവുകൾ സ്ഥാപനം വഹിക്കും എന്ന് അറിയിച്ച അവർ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമേ കോളജ് പ്രവർത്തിക്കൂവെന്നും പറഞ്ഞു. രക്ഷിതാക്കൾ ഉന്നയിച്ച കാര്യങ്ങൾ പൊലീസ് ഗൗരവമായി കാണുമെന്ന് യോഗം നിയന്ത്രിച്ച മംഗളൂരു സൗത്ത് അസി.പൊലീസ് കമീഷണർ ധന്യ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്ഥാപനം വീഴ്ചവരുത്തിയാൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകി.

Tags:    
News Summary - Food poisoning: Nursing college in Mangalore closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.