ബംഗളൂരു/ മംഗളൂരു: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കർണാടകയിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ നഗരങ്ങളിൽ ‘സൈക്കിൾ ജാഥ’ എന്ന പേരിലായിരുന്നു പ്രതിഷേധം. ബംഗളൂരുവിൽ ബി.ജെ.പി ഓഫിസായ ജഗന്നാഥ ഭവനിൽനിന്ന് സൈക്കിൾ ചവിട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര നയിച്ച പ്രതിഷേധ ജാഥ പാതിവഴിയിൽ പൊലീസ് തടഞ്ഞു. വിജയേന്ദ്രയടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ല, താലൂക്ക് ആസ്ഥാനങ്ങളിലും റോഡ് ഉപരോധിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.
മംഗളൂരുവിൽ റോഡ് തടയലിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മംഗളൂരു മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ തൊക്കോട്ട് ജങ്ഷൻ മേൽപാലത്തിലായിരുന്നു പ്രതിഷേധം. ഉദ്ഘാടന പ്രസംഗങ്ങൾ അവസാനിച്ചതോടെ മണ്ഡലം പ്രസിഡന്റ് മുരളി കൊണാജെ ദേശീയപാതയുടെ മധ്യത്തിൽ ഇറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇതോടെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ ഓഫിസർ എച്ച്.എൻ. ബാലകൃഷ്ണൻ മുരളിയുടെ കുപ്പായ കോളറിൽ പിടിച്ച് പുറത്തേക്ക് മാറ്റി. പ്രവർത്തകരും അയാളെ പിന്തിരിപ്പിച്ചു.
സംസ്ഥാന സർക്കാർ പെട്രോളിയം ഉൽപന്നങ്ങള്ക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവിലയില്‍ വർധന ഉണ്ടായത്.
പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി 29.84 ശതമാനത്തിലേക്കും ഡീസലിനുള്ള നികുതി 18.44 ശതമാനത്തിലേക്കുമാണ് ഉയർന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കൂടി 102.84 രൂപയാക്കുകയും ഡീസല്‍ ലിറ്ററിന് 3.02 രൂപ കൂടി 88.95 രൂപയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.