ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈകോടതി വിധിക്കെതിരായ അപ്പീലിൽ കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ് നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.സി ശർമ എന്നിവരുടെ ബെഞ്ച് കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ അകാരണമായി നീളുകയാണെന്നും അഞ്ച് വർഷത്തിലേറെയായി തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ നായക് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഡിസംബർ ഏഴിന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കവിത സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി മോഹൻ നായക്കിനു നോട്ടീസ് അയയ്ക്കുകയായിരുന്നു.
2018ൽ അറസ്റ്റിലായ മോഹൻ നായക് കൊലപാതക ഗൂഢാലോചനയിൽ മറ്റ് പ്രതികൾക്ക് അഭയം നൽകിയെന്നായിരുന്നു ആരോപണം. മോഹൻ നായക്കിനെതിരെ ചുമത്തിയിരുന്ന ആസൂത്രിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കക്കോക്ക (കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട്) വകുപ്പുകൾ 2021 ഏപ്രിലിൽ ഹൈകോടതി നീക്കിയിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവർത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 18 പേരെ പ്രതിചേർത്ത് 9325 പേജുള്ള കുറ്റപത്രം 2018 നവംബർ 23നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ചത്. സനാതൻ സൻസ്ത ഉൾപ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ എന്നയാൾ ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.