ബംഗളൂരു: മാസം 200 യൂനിറ്റ് സൗജന്യവൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്ക് വൻ സ്വീകാര്യത. ഇതുവരെയായി പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അപേക്ഷ നൽകിയത് ഒരു കോടിയിലേറെ ആളുകൾ. രണ്ടാഴ്ചക്ക് മുമ്പാണ് സർക്കാർ രജിസ്ട്രേഷൻ സൗകര്യം തുടങ്ങിയത്. ബാംഗ്ലൂർ വൺ, ഗ്രാമ വൺ, സേവ ഭാരതി പോർട്ടൽ, കർണാടക വൺ ഓഫിസുകൾ എന്നിവ വഴിയാണ് പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർകാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധിയില്ല. എപ്പോഴും അപേക്ഷ നൽകാം. എന്നാൽ ജൂലൈ 25ന് മുമ്പ് അപേക്ഷിച്ചവർക്കാണ് ജൂലൈ മാസം സൗജന്യ വൈദ്യുതി ലഭിക്കുക. ‘ഗൃഹജ്യോതി’ പദ്ധതി ജൂലൈ ഒന്നുമുതലാണ് നിലവിൽ വന്നത്. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം.
നിബന്ധനകളില്ലാതെ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുകയല്ല ചെയ്യുന്നത്. ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും.
ഇതിൽ 10 ശതമാനം കൂടി ആനുകൂല്യം നൽകിയാണ് പദ്ധതിയിലെ ഗുണേഭോക്താക്കളെ തിരഞ്ഞെടുക്കുക. ഒരു വർഷത്തെ ആകെ ഉപയോഗിച്ച യൂനിറ്റ് കൂട്ടിയതിൽ 10 ശതമാനം അധിക ആനുകൂല്യവും നൽകിയശേഷം അതിന്റെ ശരാശരി 200 യൂനിറ്റിൽ അധികമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇവർക്ക് ജൂലൈ മുതൽ ബില്ലടക്കേണ്ടിവരില്ല.
ജൂൺ 30 വരെയുള്ള കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണം. 200 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇതിന്റെ ബിൽ നൽകും. 200 യൂനിറ്റിൽ കുറവ് ഉപയോഗിക്കുന്നവർക്ക് അടക്കേണ്ട സംഖ്യയിൽ പൂജ്യം രേഖപ്പെടുത്തിയ ബില്ലാകും നൽകുക. ജൂലൈ മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നതെങ്കിലും ആഗസ്റ്റിലെ ബില്ലിലാണ് സൗജന്യ നിരക്ക് രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.