പൊ​ലീ​സ്​ വാ​ഹ​ന​യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്നു

ബംഗളൂരു: പുതുവത്സരാഘോഷങ്ങൾ മികച്ചതാക്കാനും സുരക്ഷിതമാക്കാനുമായി നഗരത്തിൽ പൊലീസ് നടപടികൾ കർശനമാക്കുന്നു. കോവിഡ് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതുവത്സരത്തിന്‍റെ വരവ്. ആഘോഷങ്ങൾ ഡിസംബർ 31ന് രാത്രി ഒരു മണി വരെ മാത്രമേ പാടുള്ളൂവെന്ന് പൊലീസ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.

ബ്രി​ഗേ​ഡ്​ റോ​ഡി​ൽ പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

ഡിസംബർ 31ന് എം.ജി റോഡിലൂടെയും ഇതിന് ചുറ്റുമുള്ള റോഡുകളിലൂടെയുമുള്ള ഗതാഗതത്തിന് സിറ്റി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്ന് എട്ടുമണി മുതൽ രാത്രി ഒരു മണി വരെ എം.ജി റോഡ്, ബ്രിഗേഡ് റോഡ്, റെസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ്, സെന്‍റ് മാർക്സ് റോഡ്, റെസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ പൊലീസ് വാഹനങ്ങൾ, അടിയന്തര സാഹചര്യത്തിൽ പോകുന്ന വാഹനങ്ങൾ എന്നിവക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ബാക്കിയുള്ളവയെ ഇതുവഴി അനുവദിക്കില്ല.

വേണ്ട, മദ്യപിച്ചുളള വാഹനമോടിക്കൽ

പുതുവത്സരത്തലേന്ന് നഗരത്തിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പൊലീസ് കർശന പരിശോധന നടത്തും. കോവിഡ് രൂക്ഷമായ കാലത്ത് മദ്യപിച്ചുള്ള വാഹനമോടിക്കൽ ഏറെ കുറഞ്ഞിരുന്നു. എന്നാൽ, നിലവിൽ ഇത്തരം സംഭവങ്ങൾ കുതിച്ചുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. 2020ൽ ഇത്തരത്തിലുള്ള 5343 കേസുകൾ ഉണ്ടായപ്പോൾ 2021ൽ 4144 കേസുകളാണ് ഉണ്ടായത്.

എന്നാൽ ഈ വർഷം ഇതുവരെ 26017 കേസുകളാണ് എടുത്തിരിക്കുന്നതെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി) പറയുന്നു. ആറിരട്ടി വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഡിസംബർ മാസത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങൾ കൂടിയിട്ടുണ്ട്. കർശനപരിശോധനകളിലൂടെ ഇത് കുറക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിനായി വരും ദിവസങ്ങളിൽ റാൻഡം പരിശോധന നടത്തുമെന്ന് ട്രാഫിക് പൊലീസ് മേധാവി ഡോ. എം.എ. സലീം പറഞ്ഞു.

പബുകൾക്കും റസ്റ്റാറന്‍റുകൾക്കും മാർഗനിർദേശങ്ങൾ

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിലെ പബുകൾ, റസ്റ്റാറന്‍റുകൾ, ബാറുകൾ തുടങ്ങിയവക്കായി സർക്കാർ മാർഗനിർദേശങ്ങൾ നൽകി. പുതുവത്സരാഘോഷത്തിന് ഇത്തരം സ്ഥാപനങ്ങളിൽ തിരക്ക് കൂടുന്നത് കണക്കിലെടുത്താണിത്. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണം.

സാമൂഹിക അകലം പാലിച്ച് പരിപാടികൾ നടത്താൻ പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിക്കണം. എല്ലാവരും മാസ്ക് ധരിക്കണം. എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, കോറമംഗല എന്നീ സ്ഥലങ്ങളിലാണ് പുതുവത്സരത്തിരക്ക് ഏറെയുണ്ടാവുക. ഈ സ്ഥലങ്ങളിലെ ബാറുകളിലും പബുകളിലും വൻ ആഘോഷമാണ് പുതുവത്സരത്തലേന്ന് നടക്കുക.

പൊതുവാഹനങ്ങൾ ആശ്രയിക്കണം

പുതുവത്സരത്തലേന്ന് നഗരത്തിൽ വൻതിരക്കാണുണ്ടാകുക. ഇതിനാൽ പൊതുജനങ്ങൾ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങളിൽ യാത്ര ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. അന്ന് രാത്രിയോടെ നഗരത്തിലെ 30 മേൽപാതകൾ അടച്ചിടും. സുരക്ഷിത പുതുവത്സരാഘോഷത്തിനായി പൊലീസ് തുടർബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളിൽ പുതിയ നിരീക്ഷണ കാമറകൾ കഴിഞ്ഞദിവസം തന്നെ സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - Have a safe New Year's Eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.