ബംഗളൂരു: ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിൽ ചികിത്സാ ഫീസിൽ ആരോഗ്യ വകുപ്പ് വർധന വരുത്തി.
വിക്ടോറിയ, വാണി വിലാസ്, മിന്റോ, സൂപ്പർ സ്പെഷാലിറ്റി, ട്രോമ കെയർ സെന്റർ എന്നീ ആശുപത്രികളിലാണ് ഫീസ് വർധന. ഒ.പി. ശീട്ടിന് പത്തുരൂപ ഈടാക്കിയിരുന്നത് 20 രൂപയാക്കി. ഐ.പി രജിസ്ട്രേഷൻ ചാർജ് 25 രൂപയിൽനിന്ന് 50 രൂപയാക്കി ഉയർത്തി. രക്ത പരിശോധന ചാർജ് 70 രൂപയിൽ നിന്ന് 120 രൂപയാക്കി.
വാർഡിന്റെ ഫീസ് 25ൽ നിന്ന് 50 രൂപയാക്കി. മാലിന്യ സംസ്കരണത്തിനായി രോഗികളിൽനിന്ന് ഈടാക്കുന്ന ഫീസ് 10ൽ നിന്ന് 50 രൂപയാക്കിയും ഉയർത്തി.
സർക്കാർ ആശുപത്രികളിലെ ചികിത്സാ ഫീസിൽ വർധന വരുത്താനുള്ള സർക്കാർ തീരുമാന പ്രകാരമാണിത്. ഫീസ് വർധനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. സംസ്ഥാനത്തെ പാവപ്പെട്ടവർക്കെതിരാണ് കോൺഗ്രസ് സർക്കാറെന്ന് സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
അതേസമയം, ഏറെക്കാലത്തിനുശേഷമാണ് ഫീസ് വർധന നടപ്പാക്കുന്നതെന്നും ഇത് രോഗികൾക്ക് ഭാരമാകില്ലെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.