ബംഗളൂരു: മംഗളൂരു സിറ്റി കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനായാസ ജയം. കോർപറേഷനിൽ വൻ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോർപറേഷനിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിന്റെ പിന്തുണയോടെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ബി.ജെ.പി നേടിയിരുന്നു.
മംഗളൂരു സിറ്റി കോർപറേഷനിൽ മേയറായി ജയാനന്ദ അഞ്ചൻ, ഡെപ്യൂട്ടി മേയറായി പൂർണിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോർപറേഷനിൽ ബി.ജെ.പിക്ക് 44ഉം കോൺഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് രണ്ടും അംഗങ്ങളാണുള്ളത്. ര
ണ്ട് എം.എൽ.എമാരുടെ വോട്ടുൾപ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയർ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ശശിധര ഹെഗ്ഡെ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിച്ച സീനത്ത് ഷംസുദ്ദീൻ എന്നിവർ 14 വോട്ടുവീതം നേടി. ഇത്തവണ മേയർ സ്ഥാനം ജനറൽ കാറ്റഗറിയിലും ഡെപ്യൂട്ടി മേയർ സ്ഥാനം പിന്നാക്ക വിഭാഗ പ്രതിനിധിക്കും സംവരണം ചെയ്തിരുന്നു.
മൈസൂരു സിറ്റി കോർപറേഷനിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ജെ.ഡി-എസ് ബി.ജെ.പിക്കൊപ്പം ചേർന്നതോടെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചിരുന്നു. മൈസൂരു കോർപറേഷനിൽ ആദ്യമായാണ് ഇരുപദവികളും ബി.ജെ.പിക്ക് ലഭിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൈസൂരു മേഖലയിൽ ഇത് ബി.ജെ.പിക്ക് ഗുണം ചെയ്തേക്കും. മൈസൂരു സിറ്റി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയം. ശിവകുമാർ, രൂപ എന്നിവരാണ് യഥാക്രമം മേയർ, ഡെപ്യൂട്ടി മേയർ പദവികളിലേക്ക് വിജയിച്ചത്. കോൺഗ്രസിന് 24ഉം ബി.ജെപിക്ക് 26ഉം ജെ.ഡി-എസിന് 20ഉം വോട്ടുമാണുള്ളത്. ഒരു ബി.എസ്.പി അംഗവും അഞ്ചു സ്വതന്ത്രരുമടക്കം 65 അംഗങ്ങളാണ് മൈസൂരു കോർപറേഷനിലുള്ളത്. ജെ.ഡി-എസ് പിന്മാറിയതോടെ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിച്ച മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശിവകുമാറിന് 47ഉം കോൺഗ്രസിന്റെ സൈദ് ഹസ്രത്തുല്ലക്ക് 28ഉം വോട്ട് ലഭിച്ചു.
തുമകുരു സിറ്റി കോർപറേഷനിൽ ബി.ജെ.പിയെ തോൽപിച്ച് മേയർസ്ഥാനം കോൺഗ്രസും ഡെപ്യൂട്ടി മേയർ സ്ഥാനം ജെ.ഡി-എസും നേടി. എൻ. പ്രഭാവതി മേയറായും നരസിംഹമൂർത്തി ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് ബി.ജെ.പിയുടെ കൃഷ്ണപ്പ മേയറും ജെ.ഡി-എസിലെ നസിംബായി ഡെപ്യൂട്ടി മേയറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.