ബംഗളൂരു: മുസ്ലിം കാലിക്കച്ചവടക്കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഞ്ച് ഗോരക്ഷാ ഗുണ്ടകൾ പൊലീസ് കസ്റ്റഡിയിൽ. കനകപുരയിലെ കോടതി ജഡ്ജി അപ്പണ്ണ സവാദിയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്ര രക്ഷന പദെ (ദേശരക്ഷാസേന)യുടെ നേതാവായ പുനീത് കീരെഹള്ളിയെയും മറ്റ് നാല് പ്രതികളെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഏപ്രിൽ ഒന്നിന് നടന്ന കൊലപാതകത്തിൽ അഞ്ചുദിവസം കഴിഞ്ഞ് ഏപ്രിൽ അഞ്ചിനാണ് ഇവരെ രാജസ്ഥാനിൽനിന്ന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
രാമനഗര ജില്ലയിലെ സതനൂരിൽ മുസ്ലിം കാലിക്കച്ചവടക്കാരനായ മാണ്ഡ്യ സ്വദേശി ഇദ് രിസ് പാഷയാണ് (40) കൊല്ലപ്പെട്ടത്. മാർച്ച് 31ന് രാത്രി 11.40ഓടെയാണ് അനധികൃത കാലിക്കടത്ത് ആരോപിച്ച് കീരെഹള്ളിയും കൂട്ടാളികളും ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടഞ്ഞ് മർദിച്ചത്.
കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചുവെങ്കിലും കീരെഹള്ളി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്ക് പോകൂ’ എന്ന് ആക്രോശിച്ച് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ പാഷയുടെ മൃതദേഹം പിറ്റേദിവസമാണ് റോഡരികിൽ കണ്ടത്. കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
കൊലക്കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ കീരെഹള്ളിക്കെതിരെ മറ്റൊരു കേസ് കൂടി ബംഗളൂരു പൊലീസ് ചുമത്തിയിട്ടുണ്ട്. അലീമുല്ല ബേഗ് (30) എന്ന കാലിക്കച്ചവടക്കാരനെ ഇലക്ട്രിക് തോക്ക് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ഷോക്കേൽപിക്കുകയും ചെയ്ത സംഭവത്തിലാണിത്.
ഹൊസൂർ റോഡിലൂടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലേക്ക് കാലികളെ വാഹനത്തിൽ കൊണ്ടുപോവുകയായിരുന്ന അലീമുല്ലയെ നൈസ് റോഡിൽ വെച്ച് കീരെഹള്ളിയും കൂട്ടാളികളായ സന്തോഷ്, ചേതൻ, ദീപക് എന്നിവരും വാഹനം തടഞ്ഞ് മർദിക്കുകയായിരുന്നു.
അലീമുല്ലയെ ഇലക്ട്രിക് തോക്കുകൊണ്ട് നിരവധി തവണ ഷോക്കേൽപിക്കുകയും വേദനകൊണ്ട് അലറിക്കരഞ്ഞ അലീമുല്ലയുടെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇദ്രീസ് പാഷ വധക്കേസിൽ ഇയാൾ അറസ്റ്റിലായതോടെയാണ് അലീമുല്ലയും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.