ബംഗളൂരു: പൊലീസ് സബ്ഇൻസ്പെക്ടർ നിയമന പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ ബി.ജെ.പി നേതാവടക്കം 25പേർക്ക് ജാമ്യം. പ്രധാനപ്രതികളിലൊരാളും ബി.ജെ.പി നേതാവുമായ ദിവ്യ ഹഗർഗിയടക്കമുള്ളവർക്കാണ് കലബുറഗി സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യം നൽകിയത്.
പ്രതികളിൽ പ്രധാനികളായ മഞ്ജുനാഥ് മേലഗുൻഡി, പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മല്ലികാർജുന അടക്കമുള്ളവരാണിവർ. എട്ട് പരീക്ഷ ഉദ്യോഗാർഥികൾ, അഞ്ച് പരീക്ഷ ഇൻവിജിലേറ്റർമാർ, മൂന്ന് പൊലീസുകാർ എന്നിവരും ജാമ്യം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ഇതോടെ ഇതുവരെ ആകെ 36 പേർക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനാണ് പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. വൻതട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു.
സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രധാനരാഷ്ട്രീയകക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻക്രമക്കേടാണ് നടന്നതെന്നാണ് പറയുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെയും കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളുമായും ക്രമക്കേടിന് ബന്ധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.