മംഗളൂരു: കെ.എസ്.ആർ ബംഗളൂരു-മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് ഓടിക്കാൻ തീരുമാനം വന്നിട്ടും എതിർപ്പിന്റെ ചുവപ്പുകൊടിയുമായി ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ വീണ്ടും രംഗത്ത്. 16511/16512 ട്രെയിനുകൾ കോഴിക്കോട്ടേക്ക് നീട്ടരുതെന്ന് ആവശ്യപ്പെട്ട് നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. ട്രെയിൻ കോഴിക്കോട്ടേക്കും തിരിച്ചും സർവിസ് ആരംഭിക്കുന്നതോടെ കർണാടകയിലെ, വിശിഷ്യാ ദക്ഷിണ കന്നടയിലെ യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാതാവുമെന്നാണ് വാദം.
മംഗളൂരു-ബംഗളൂരു സർവിസായി തുടങ്ങിയ ഈ ട്രെയിൻ എതിർപ്പുകൾ അവഗണിച്ചാണ് കണ്ണൂർ വരെ നീട്ടിയത്. അതിന്റെ ദുരന്തഫലം മംഗളൂരു മേഖലയിലെ യാത്രക്കാർ അനുഭവിക്കുകയാണ്. കോഴിക്കോട്ടേക്കുകൂടി നീട്ടുന്നതോടെ കർണാടകയിലെ യാത്രക്കാർ പുറത്താവുമെന്ന ആശങ്കയിലാണ് ജനങ്ങളെന്ന് എം.പി ചൂണ്ടിക്കാട്ടി.
മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ കോഴിക്കോട്ടേക്ക് ട്രെയിൻ നീട്ടാനുള്ള തീരുമാനം യാത്രക്കാർ സ്വാഗതം ചെയ്യുന്നതിനിടെയാണ് ദക്ഷിണ കന്നട എം.പിയുടെ ഇടപെടൽ. ഈ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ താൻ നടത്തിയ ശ്രമങ്ങളെ ദക്ഷിണ കന്നട എം.പി നളിൻ കുമാർ എതിർത്തിരുന്നതായി എം.കെ. രാഘവൻ എംപി പറഞ്ഞു.
കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് കണ്ണൂർ-ബംഗളൂരു (16527/16528) ട്രെയിൻ നിലവിലുണ്ട് എന്നാണ് കട്ടീൽ പറഞ്ഞിരുന്നത്. അതേ കാര്യം പുതിയ കത്തിലും ആവർത്തിച്ചു.ബംഗളൂരുവിൽനിന്ന് മലബാറിലേക്ക് പുതിയ ട്രെയിൻ സർവിസ് ആരംഭിക്കുന്നതിനും 16512/16511 ട്രെയിൻ സർവിസ് കോഴിക്കോട് വരെ നീട്ടുന്നതിനും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിൽനിന്ന് അനുകൂല തീരുമാനം കോഴിക്കോട് എം.പിക്ക് നേരത്തെ ലഭിച്ചിരുന്നു.
എന്നാൽ, അന്ന് ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്ന ദക്ഷിണ കന്നട എം.പി ഉന്നയിച്ച തടസ്സങ്ങൾക്ക് റെയിൽവേ വഴങ്ങുകയായിരുന്നു. ട്രെയിന്‍ കണ്ണൂരിലെത്തി തിരിച്ച് പോകുന്നതിനിടയില്‍ ആറ് മണിക്കൂറോളം കണ്ണൂരില്‍ നിർത്തിയിടുകയാണെന്ന കാര്യം റെയിൽവേ അധികൃതരെ കോഴിക്കോട് എം.പിക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് തീവണ്ടി നീട്ടാനുള്ള തീരുമാനത്തിന് പാളം തുറന്നത്.
യാത്രക്കാരുടെ ആവശ്യത്തിന് മുൻതൂക്കം നൽകി ട്രെയിൻ കേരളത്തിലേക്ക് ആദ്യം നീട്ടിയത് ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായ 2009ലായിരുന്നു. മംഗളൂരു സെൻട്രൽ വരെ സർവിസ് നടത്തിയിരുന്ന ട്രെയിൻ മറ്റൊരു റെയിൽവേ സഹമന്ത്രിയും കർണാടക സ്വദേശിയുമായ കെ.എച്ച്. മുനിയപ്പയുടെ എതിർപ്പുകൾ മറികടന്നാണ് അന്ന് കണ്ണൂരിലേക്ക് നീട്ടിയത്.
അതേസമയം, കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ (16511/16512) ട്രെയിൻ സർവിസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കനറ (ദക്ഷിണ കന്നട) ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും രംഗത്തുവന്നു. ഇത് സംബന്ധിച്ച് ചെയർമാൻ അനന്തേഷ് വി. പൈ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിലെ മംഗളൂരു-ബംഗളൂരു യാത്രക്കാർ ഇപ്പോൾതന്നെ ട്രെയിനിൽ ബർത്ത് കിട്ടാതെ വിഷമിക്കുകയാണ്.
റിസർവ് ചെയ്യാതെ സഞ്ചരിക്കാവുന്ന കോച്ചുകളിൽ ഞെങ്ങിഞെരുങ്ങിയാണ് മംഗളൂരുവിൽ നിന്നുള്ളവർ യാത്ര ചെയ്യുന്നത്. മറുഭാഗത്ത് വലിയ വില നൽകി ബസുകളെ ആശ്രയിക്കുന്നവരും ധാരാളം. യശ്വന്ത്പുർ-കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് കോഴിക്കോട് വഴി സർവിസ് നടത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.