ബംഗളൂരു: അഴിമതിയിൽ മുങ്ങിക്കുളിച്ച നിലയിലാണ് കർണാടകയിലെ ബി.ജെ.പി സർക്കാർ. ഒന്നിനു പിറകെ ഒന്നായി അഴിമതി ആരോപണങ്ങളാണ് സർക്കാറിനെതിരെ ഉയർന്നുവരുന്നത്. വോട്ടർമാരുടെ ഡേറ്റ സ്വകാര്യ ഏജൻസി ചോർത്തിയ സംഭവത്തിൽ വൻ പ്രതിരോധത്തിലാണ് സർക്കാർ.
തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടതോടെ പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ് എന്ന നിലയിൽനിന്ന് കാര്യങ്ങൾ മാറി. സമ്മതിദായകരുടെ ഡേറ്റ സ്വകാര്യ സ്ഥാപനം ചോർത്തിയ സംഭവത്തിൽ കർണാടക അഴിമതിയുടെ തലസ്ഥാനമായി മാറിയെന്നും ക്രമക്കേടിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കാണ് ഉത്തരവാദിത്തമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കേയാണ് ഡേറ്റ ചോർത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 'ഷിലുമെ എജുക്കേഷനൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ്' ശേഖരിച്ച വിവരങ്ങൾ സർക്കാറിന്റെ ഗരുഡ ആപ്പിൽ സൂക്ഷിക്കാതെ സ്വകാര്യ ആപ്പിലാണ് ശേഖരിച്ചിരിക്കുന്നത്.
ഏറെ കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവർത്തകർക്ക് ഇതിനകം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകിയെന്നതും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയെന്നുമുള്ള ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളെ സഹായിക്കാനായി സമ്മതിദായകരുടെ ഡേറ്റ ചോർത്തിനൽകാനുള്ള സാധ്യതയും മുന്നിലുണ്ട്. എസ്.ഐ നിയമന പരീക്ഷയിലെ ക്രമക്കേടാണ് ഈയടുത്ത് അന്വേഷണത്തിൽ തെളിഞ്ഞ സംസ്ഥാനത്തെ പ്രധാന അഴിമതി സംഭവങ്ങളിൽ മറ്റൊന്ന്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലെ ആളുകൾ ഉൾപ്പെട്ട വൻ അഴിമതിയാണ് എസ്.ഐ നിയമന പരീക്ഷയിൽ നടന്നതെന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) അന്വേഷണത്തിൽ തെളിഞ്ഞത്. ഈയടുത്ത് സി.ഐ.ഡി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പൊലീസ് മുൻ എ.ഡി.ജി.പി അമൃത് പോൾതന്നെ അറസ്റ്റിലായി. പൊലീസ് റിക്രൂട്ട്മെന്റ് സെൽ മുൻ തലവനായ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്. ഈ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. പരീക്ഷഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻ ക്രമക്കേടാണ് നടന്നതെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങൾ തെളിയിക്കുന്നത്.
ബി.ജെ.പി സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. സർക്കാറിന്റെ എല്ലാ പ്രവൃത്തികളും ഏറ്റെടുത്ത് നടത്തണമെങ്കിൽ രാഷ്ട്രീയക്കാർക്കും മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും 40 ശതമാനം കമീഷൻ നൽകണമെന്ന് അടുത്തിടെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കോൺഗ്രസ് നടത്തിയ 'പേ സി.എം' കാമ്പയിൻ ബി.ജെ.പിക്ക് ഏറെ തലവേദന ഉണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി ബൊമ്മൈയുടെ ചിത്രമുള്ള പേ സി.എം പോസ്റ്ററും പുറത്തിറക്കിയിരുന്നു.
'40 ശതമാനം ഇവിടെ സ്വീകരിക്കും' എന്നെഴുതിയ പോസ്റ്ററുകളിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കാണ് പോവുക. പൊതുജനങ്ങൾക്ക് സർക്കാറിന്റെ അഴിമതിക്കെതിരെ പരാതി നൽകാനായി ഈയടുത്ത് കോൺഗ്രസ് തുടങ്ങിയ വെബ്സൈറ്റാണിത്.
ഇതിന്റെ പിന്നാലെ 'സേ സി.എം'എന്ന കാമ്പയിനും കോൺഗ്രസ് നടത്തിയിരുന്നു. തങ്ങൾ പേ സി.എം കാമ്പയിനിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ഇതിലൂടെ കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ പര്യടനത്തിൽ സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. യാത്രക്ക് ഗംഭീരമായ സ്വീകരണമാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ, അഴിമതി നടന്നിട്ടും കൃത്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന ആരോപണവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.