ബംഗളൂരു: കർണാടകയിലെ വരുണയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ ബി.എസ്. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര മത്സരിക്കില്ല.
വരുണയിൽ വിജയേന്ദ്ര മത്സരിക്കുമെന്ന് മുൻമുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ യെദിയൂരപ്പ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.
എന്നാൽ ഇക്കാര്യം തെറ്റാണെന്നും വിജയേന്ദ്ര ശിവമൊഗ്ഗയിലെ ശിക്കാരിപുരയിൽ തന്റെ പിൻഗാമിയാകുമെന്നും യെദിയൂരപ്പ പറഞ്ഞു. വരുണയിൽ സിദ്ധരാമയ്യക്കെതിരെ കരുത്തനായ സ്ഥാനാർഥിയെ തന്നെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ വരുണയിൽ നിർത്തി വിജയേന്ദ്രയുടെ ഭാവി ഇല്ലാതാക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് പ്രചാരണം നടത്തിയിരുന്നു.
കോൺഗ്രസ് കോട്ടയാണ് മൈസൂരുവിലെ വരുണ. സിദ്ധരാമയ്യ ഉൾപ്പെടുന്ന കുറുംബ സമുദായം നിർണായക ശക്തിയാണിവിടെ. 1983 മുതൽ യെദിയൂരപ്പ മത്സരിക്കുന്ന മണ്ഡലമാണ് ശിക്കാരിപുര. ഏഴു തവണയാണ് അദ്ദേഹം ശിക്കാരിപുരയെ പ്രതിനിധാനംചെയ്തത്. തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് വിജയേന്ദ്ര പ്രതികരിച്ചു.
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയുടെ സിറ്റിങ് സീറ്റാണ് വരുണ. കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. കോലാറിൽനിന്ന് മത്സരിക്കാനാണ് ആദ്യം സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷിതമണ്ഡലമല്ലെന്ന വിലയിരുത്തലിനു ശേഷമാണ് മണ്ഡലം മാറിയത്. നിലവിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലം എം.എൽ.എയാണ് അദ്ദേഹം.
ഇത്തവണ മറ്റൊരു മണ്ഡലത്തിൽനിന്നുകൂടി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന. കോലാറിൽനിന്നും ബദാമിയിൽനിന്നും മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചിരുന്നത്. ആദ്യ പട്ടികയിൽ ഈ രണ്ട് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.