മംഗളൂരു: കർണാടക സംസ്ഥാന ഗെയിംസ്-2025 ഈ മാസം 17 മുതൽ 23 വരെ മംഗളൂരുവിലും ഉഡുപ്പിയിലുമായി നടക്കുമെന്ന് സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ ചെയർമാൻ ഗോവിന്ദ് രാജു വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന ഒളിമ്പിക്സ് എന്നറിയപ്പെട്ടിരുന്ന ഈ കായിക മാമാങ്കത്തിന്റെ പേരിൽ മാറ്റം വരുത്തി. കായിക മേളക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. മംഗളൂരു, ഉഡുപ്പി, മണിപ്പാൽ, ബംഗളൂരു എന്നിവിടങ്ങളിലായി 25 ഇനങ്ങളാണ് നടക്കുകയെന്ന് കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. പുരുഷ-വനിത വിഭാഗങ്ങളിലായി 3247 കായിക താരങ്ങൾ മത്സരിക്കും.
ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബാൾ, ഫെൻസിങ്, ഫുട്ബാൾ, ഹാൻഡ്ബാൾ, ഖോ-ഖോ, നെറ്റ്ബാൾ, നീന്തൽ, വോളിബാൾ, ഭാരോദ്വഹനം, വുഷു, തൈക്വാൻഡോ എന്നിവ മംഗളൂരുവിലും അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബോക്സിങ്, സൈക്ലിങ്, ജൂഡോ, കബഡി, ഗുസ്തി, കയാക്കിങ്, കനോയിങ്, ഹോക്കി, ലോൺ ടെന്നിസ്, ടേബ്ൾ ടെന്നിസ് എന്നിവ ഉഡുപ്പി, മണിപ്പാൽ എന്നിവിടങ്ങളിലും ജിംനാസ്റ്റിക്സും ഷൂട്ടിങ്ങും ബംഗളൂരുവിലും നടക്കും.
ജനുവരി 17ന് മംഗളൂരുവിൽ ഉദ്ഘാടന ചടങ്ങും 23ന് ഉഡുപ്പിയിലെ അജ്ജർകാട്ടിൽ സമാപനവും നടക്കും. മത്സര വേദികൾക്ക് സമീപമുള്ള 631 ഹോസ്റ്റൽ മുറികൾ അത്ലറ്റുകൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ പറഞ്ഞു. അത്ലറ്റുകൾക്ക് താമസിക്കാൻ എം.എ.എച്ച്.ഇ മണിപ്പാൽ ഹോസ്റ്റലുകളിലും ബി.സി.എം സോഷ്യൽ വെൽഫെയർ ഹോസ്റ്റലുകളിലുമായി 750 മുറികൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ വിദ്യാകുമാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.