ബംഗളൂരു: കർണാടകയിലെ ആന്റി കറപ്ഷൻ ബ്യൂറോ കർണാടക സർക്കാർ പിരിച്ചുവിട്ടു. ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി) രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്ന കർണാടക ഹൈകോടതി വിധിക്കുപിന്നാലെയാണ് പിരിച്ചുവിട്ട് കർണാടക സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എ.സി.ബിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും ലോകായുക്തക്ക് കൈമാറാൻ കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. 2016ൽ ലോകായുക്തയെ അപ്രസക്തമാക്കി രൂപവത്കരിക്കപ്പെട്ട എ.സി.ബി ആറു വർഷത്തിനുശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം, എ.സി.ബിയുടെ പൊലീസ് സ്റ്റേഷൻ അധികാരവും ലോകായുക്ത പൊലീസിന് കൈമാറും.
കഴിഞ്ഞ മാസം 11നാണ് എ.സി.ബിയെ പിരിച്ചുവിടാൻ നിർദേശിച്ച് ഹൈകോടതി ഉത്തരവിട്ടത്. 2016ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ സംസ്ഥാനത്തെ പരമോന്നത അഴിമതി വിരുദ്ധ ഏജൻസിയായ ലോകായുക്തയുടെ പൊലീസ് അധികാരം എടുത്തുകളഞ്ഞ് 1988ലെ അഴിമതി തടയൽ നിയമപ്രകാരം സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ് എ.സി.ബിക്ക് പൊലീസ് അധികാരം നൽകിയത്. എന്നാൽ, 1984ലെ കർണാടക ലോകായുക്ത നിയമത്തിന്റെ പരിധിയിൽ, അഴിമതി തടയൽ നിയമംകൂടി ഉൾപ്പെടുന്നതിനാൽ 2016ൽ എക്സിക്യൂട്ടിവ് ഉത്തരവ് പ്രകാരമുള്ള എ.സി.ബി രൂപവത്കരണം നീതീകരിക്കാനാവാത്തതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
സർക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ലോകായുക്ത നടത്തിയിരിക്കെ, അഴിമതി അന്വേഷിക്കുന്നതിൽ പ്രഥമ സ്ഥാനത്തുനിന്ന് ലോകായുക്തയെ നീക്കിയത് നീതീകരിക്കാനാവില്ലെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
എ.സി.ബിക്ക് പൊലീസ് അധികാരം നൽകിയാൽ, അഴിമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ, പ്രത്യേകിച്ചും സർക്കാറിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസുകളിൽ നിഷ്പക്ഷമായ അന്വേഷണത്തെ അത് ബാധിക്കുമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അശോക് ഹാരനഹള്ളി ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി)യുടെ അധികാരത്തെ ചോദ്യം ചെയ്ത് ചിദാനന്ദ അരശ്, ബാംഗ്ലൂർ അഡ്വക്കറ്റ്സ് അസോസിയേഷൻ, സമാജ് പരിവർത്തന സമുദായ എന്നിവരടക്കം 15ഓളം പേർ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഇടപെടൽ. എ.സി.ബി രൂപവത്കരണത്തെ തുടർന്ന് ചിദാനന്ദ അരശ് 2016ൽ നൽകിയ ഹരജിയിൽ, ലോകായുക്ത അന്വേഷിക്കുന്ന ഒരു കേസും എ.സി.ബിക്ക് കൈമാറരുതെന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.