എച്ച്.ഡി. കുമാരസ്വാമി, നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, ശോഭ കരന്ത്‍ലാജെ, വി. സോമണ്ണ

കർണാടകക്ക് അഞ്ചു മന്ത്രിമാർ

ബംഗളൂരു: മൂന്നാം മോദി മന്ത്രി സഭയിൽ കർണാടകയിൽനിന്ന് അഞ്ചു മന്ത്രിമാർ. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, ശോഭ കരന്ത്‍ലാജെ എന്നിവർക്കു പുറമെ, കന്നിക്കാരായി ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി നേതാവ് വി. സോമണ്ണ എന്നിവരാണ് മന്ത്രിമാർ. ഞായറാഴ്ച വൈകീട്ട് ഡൽഹിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഘടകകക്ഷികളിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെ.ഡി-എസിന്റെ എച്ച്.ഡി. കുമാരസ്വാമിയാണെന്ന പ്രത്യേകതയുമുണ്ട്.

സ്വദേശം തമിഴ്നാടാണെങ്കിലും കർണാടകയിൽനിന്നുള്ള രാജ്യസഭ എം.പിയാണ് ധനമന്ത്രിയായിരുന്ന നിർമല സീതാരാമൻ. പ്രൾഹാദ് ജോഷി വടക്കൻ കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡ് മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്. ശോഭ കരന്ത്‍ലാജെ കഴിഞ്ഞ തവണ ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽനിന്നാണ് ജയിച്ചിരുന്നതെങ്കിലും ഇത്തവണ സീറ്റുമാറി ബംഗളൂരു നോർത്തിൽ മത്സരിക്കുകയായിരുന്നു. പുതിയ സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസിന്റെ രാജ്യസഭ എം.പിയായിരുന്ന പ്രഫ. രാജീവ് ഗൗഡയെ പരാജയപ്പെടുത്തി. മുതിർന്ന നേതാവായ വി. സോമണ്ണ ഇത്തവണ തുമകൂരുവിൽനിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്. കർണാടകയിൽ ബി.ജെ.പി സർക്കാറിൽ മന്ത്രിയായിരുന്ന സോമണ്ണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരട്ട മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ തുമകൂരുവിൽ കോൺഗ്രസിന്റെ മുദ്ദെഹനുമഗൗഡയെ തോൽപിച്ചാണ് മന്ത്രിപദത്തിലേക്ക് നീങ്ങിയത്.

മണ്ഡ്യയിൽ ശ്രദ്ധേയമായ മത്സരം ജയിച്ചാണ് എച്ച്.ഡി. കുമാരസ്വാമി ലോക്സഭയിലെത്തിയത്. ബി.ജെ.പിക്കൊപ്പം സഖ്യമായി മൂന്നു സീറ്റിൽ മത്സരിച്ച ജെ.ഡി-എസ് മണ്ഡ്യയെ കൂടാതെ കോലാറിലും വിജയം കണ്ടു. രണ്ടു സീറ്റിലേ വിജയിച്ചുള്ളൂവെങ്കിലും കർണാടകയിൽ ബി.ജെ.പി- ജെ.ഡി-എസ് സഖ്യ പ്രാധാന്യം മുൻനിർത്തിയാണ് എച്ച്.ഡി. കുമാരസ്വാമിക്ക് ബി.ജെ.പി മന്ത്രിപദവി നൽകിയത്. മുൻ മുഖ്യമന്ത്രി കൂടിയാണെന്ന പരിഗണനയും കുമാരസ്വാമിക്ക് തുണയായി. അതേസമയം, മന്ത്രിസഭയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടർ, യുവ നേതാവ് തേജസ്വി സൂര്യ, ഡോ. സി.എൻ. മഞ്ജുനാഥ് എന്നിവർ പരിഗണിക്കപ്പെട്ടില്ല. 

Tags:    
News Summary - Karnataka has five ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.