ബംഗളൂരു: കർണാടക-മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം പുതിയ തലത്തിലേക്ക്. നിയമനടപടികൾ ഏകോപിപ്പിക്കാൻ രണ്ടു മന്ത്രിമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ നിയോഗിച്ചതോടെയാണിത്. ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി എന്നിവരെയാണ് നിയോഗിച്ചത്.
1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതു മുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തി തർക്കമുണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. മുതിർന്ന അഭിഭാഷകനായ വൈദ്യനാഥന്‍റെ നേതൃത്വത്തിൽ മഹാരാഷ്ട്ര സുപ്രീംകോടതിയിൽ കേസ് നടത്തുന്നുണ്ട്.
ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതിൽ ബാൽ താക്കറെ തന്നെ മുന്നിലുണ്ടായിരുന്നുവെന്നും ഇതിനായുള്ള നിയമപോരാട്ടം ശക്തമാക്കുമെന്നും കൂടുതൽ അഭിഭാഷകരെ നിയോഗിക്കുമെന്നും ഷിൻഡെ പറഞ്ഞു. ഉടൻതന്നെ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
തർക്കപ്രദേശങ്ങളിൽ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ദൈനംദിന കാര്യങ്ങളിൽ മറാത്ത ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരാനും കർണാടക സർക്കാറുമായി ആശയവിനിമയം നടത്തണമെന്ന് ബെളഗാവിയിലെ ജനങ്ങളോട് ഷിൻഡെ നിർദേശിച്ചു. അതേസമയം, അതിർത്തികൾ സംരക്ഷിക്കാൻ കഴിവുള്ള സർക്കാറാണ് തന്‍റേതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
തർക്കം മഹാരാഷ്ട്ര രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ആര് അധികാരത്തിൽ വന്നാലും അവർക്ക് ഇതുവരെ വിജയിക്കാനായിട്ടില്ലെന്നും ബൊമ്മൈ പറഞ്ഞു. മുകുൾ രോഹതഗി, ശ്യാം ദിവാൻ തുടങ്ങിയ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലുള്ള നിയമസംഘത്തെ കർണാടക നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നുവെന്നും മഹാരാഷ്ട്ര പുതുതായി നൽകിയ അപേക്ഷ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടുമെന്നും ബൊമ്മൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.