ബംഗളൂരു: കർണാടക സ്വദേശികളായ ദമ്പതികളെയും മകനെയും യു.എസിലെ മേരിലാൻഡ് ബാൾട്ടിമോറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാവൻകരെ ജാഗലൂർ ഹാലേക്കൽ സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ (35), മകൻ യാഷ് (ആറ്) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് കുടുംബത്തെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടത്. ഫോൺവിളിക്കും സന്ദേശത്തിനും യോഗേഷിൽനിന്ന് പ്രതികരണമില്ലാതായതിനെ തുടർന്ന് സുഹൃത്ത് പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനമെന്ന് ബാൾട്ടിമോർ പൊലീസ് അറിയിച്ചു. മെഡിക്കൽ പരിശോധനക്കുശേഷം കൂടുതൽ വിവരം പുറത്തുവരുമെന്നും അവർ പറഞ്ഞു.
യോഗേഷും പ്രതിഭയും ഒമ്പതു വർഷമായി യു.എസിൽ സോഫ്റ്റ്വെയർ എൻജിനീയർമാരായിരുന്നു. യോഗേഷിന്റെ മാതാപിതാക്കൾ 25 വർഷമായി ദാവൻകരെയിലെ വിദ്യാനഗറിലായിരുന്നു താമസം. പിതാവ് ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ബന്ധുക്കളുടെ ആവശ്യത്തെ തുടർന്ന് ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.