ബംഗളൂരു: ഈ വർഷത്തെ കർണാടക രാജ്യോത്സവ അവാർഡ് സർക്കാർ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം. വീരപ്പ മൊയ്ലി, അയോധ്യ ക്ഷേത്രത്തിലേക്ക് രാം ലല്ല നിർമിച്ച ശിൽപി അരുൺ യോഗിരാജ് അടക്കം 69 പേർക്കാണ് വിവിധ മേഖലകളിൽ ഇത്തവണ രാജ്യോത്സവ അവാർഡ്.
രാജ്യോത്സവ അവാർഡിന് പുറമെ, ഈ വർഷം സുവർണ കർണാടക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച ബംഗളൂരുവിൽ നടന്ന വാർത്തസമ്മേളനത്തിൽ കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് തംഗദഗി അറിയിച്ചു. വിവിധ മേഖലകളിലെ 50 പുരുഷന്മാർക്കും 50 വനിതകൾക്കുമാണ് സുവർണ കർണാടക അവാർഡ് നൽകുന്നത്.
സാഹിത്യ മേഖലയിൽ മുൻ മന്ത്രി കൂടിയായ ബി.ടി. ലളിത നായ്ക്ക്, എം. വീരപ്പ മൊയ്ലി എന്നിവർക്കാണ് രാജ്യോത്സവ അവാർഡ്. സിനിമ-ടെലിവിഷൻ മേഖലയിൽ ഹേമ ചൗധരി, എം.എസ്. നരസിംഹ മൂർത്തി, യക്ഷഗാന വിഭാഗത്തിൽ കേശവ ഹെഗ്ഡെ കൊളഗി, സീതാറാം തോൽപാടി, വ്യവസായ വിഭാഗത്തിൽ പ്രസ്റ്റീജ് ഗ്രൂപ് ചെയർമാൻ ഇർഫാൻ റസാഖ്, പ്രവാസി വ്യവസായി ഡോ. തുംബെ മൊയ്തീൻ തുടങ്ങിയവരും ലിസ്റ്റിൽ ഇടം പിടിച്ചു. നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
നേരിട്ട് ലഭിച്ച 1575 അപേക്ഷകൾക്ക് പുറമെ, സേവാസിന്ധു പോർട്ടൽ വഴി 7438 അപേക്ഷകളും രാജ്യോത്സവ അവാർഡിനായി ഇത്തവണ ലഭിച്ചിരുന്നു. ഇതിൽ നിന്ന് എല്ലാ ജില്ലകളെയും സാമൂഹിക തത്ത്വങ്ങളും പരിഗണിച്ചാണ് 69 പേരെ അന്തിമ പട്ടികയിൽ കമ്മിറ്റി ഉൾപ്പെടുത്തിയത്. ഇതിൽ അപേക്ഷ നൽകാത്ത 20 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് രാജ്യോത്സവ അവാർഡിന് തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.