ബംഗളൂരു: കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) 2750 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ 4.4 ലക്ഷം ആൺകുട്ടികളും 4.3 ലക്ഷം പെൺകുട്ടികളുമടക്കം 8.7 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ്, ഉറുദു, മറാത്തി ഭാഷകളിൽ പരീക്ഷ സംഘടിപ്പിക്കുന്നുണ്ട്.
പരീക്ഷ കേന്ദ്രത്തിന്റെ 200 മീറ്റർ പരിധിയിൽ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. ഈ പരിധിയിൽ ഫോട്ടോകോപ്പി കടകൾ തുറക്കാൻ പാടില്ല. എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ലൈവ് വെബ്കാസ്റ്റിങ് നടത്തും. എല്ലാ ജില്ലകളിലും ഒരു നിരീക്ഷണ കേന്ദ്രത്തിലിരുന്ന് സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കും.
2022-23 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വ്യാപക ക്രമക്കേട് ആരോപണം ഉയർന്നതിനെതുടർന്നാണ് ഇത്തവണ നിരീക്ഷണം കടുപ്പിക്കുന്നത്. കഴിഞ്ഞവർഷം അരങ്ങേറിയ ക്രമക്കേടുമായി ബന്ധപ്പെട്ട് 60 പരീക്ഷാ നിരീക്ഷകരെ കെ.എസ്.ഇ.എ.ബി സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് തടയുന്നതിന്റെ ഭാഗമായി, പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെയും പരീക്ഷ ഹാളിലെ അധ്യാപകരുടെയും പക്കൽ മൊബൈൽ ഫോൺ ഉണ്ടാവാൻ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ചമുതൽ പരീക്ഷ അവസാനിക്കുന്ന ഏപ്രിൽ ആറുവരെയാണ് സൗജന്യ യാത്ര അനുവദിക്കുക. ബസിൽ കണ്ടക്ടർക്ക് പരീക്ഷാ ഹാൾടിക്കറ്റ് കാണിച്ചാൽ മതിയെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.
ബംഗളൂരു: കർണാടകയിലെ സ്റ്റേറ്റ് ബോർഡ് സ്കൂളുകളിൽ 5, 8, 9 ക്ലാസുകളിലെ ബോർഡ് പരീക്ഷ തിങ്കളാഴ്ചമുതൽ വ്യാഴാഴ്ചവരെ നടക്കും. 5, 8, 9, 11 ക്ലാസുകളിലെ ബോർഡ് പരീക്ഷ നടത്താൻ കർണാടക സർക്കാറിന് അനുമതി നൽകി വെള്ളിയാഴ്ച കർണാടക ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5, 8, 9 ക്ലാസുകളിലെ ബോർഡ് പരീക്ഷ സംബന്ധിച്ച പരിഷ്കരിച്ച ഷെഡ്യൂൾ കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെ.എസ്.ഇ.എ.ബി) പുറത്തുവിട്ടത്.
പി.യു.സി ഒന്നാം വർഷക്കാർക്ക് മുഴുവൻ വിഷയങ്ങളിലും ബോർഡ് പരീക്ഷ പൂർത്തിയായിട്ടുണ്ട്. എന്നാൽ, 5, 8, 9 ക്ലാസുകളിലെ രണ്ടു വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. അപ്പോഴേക്കും കോടതിയിൽ കേസായി. സ്റ്റേ ഉത്തരവ് വന്നതോടെ പരീക്ഷയും മാറ്റിവെച്ചു. വെള്ളിയാഴ്ച ഹൈകോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ ബാക്കി നാലു വിഷയങ്ങളുടെ പരീക്ഷ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നടത്താൻ കെ.എസ്.ഇ.എ.ബി സംസ്ഥാനത്തെ സ്കൂളുകളോട് നിർദേശിക്കുകയായിരുന്നു.
ഈ ദിവസങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നതിനാൽ ഇരു പരീക്ഷകൾക്കും പ്രത്യേകം സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10.15 മുതൽ ഉച്ചക്ക് 1.30 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക. ഉച്ചക്കുശേഷം 2.30 മുതൽ 4.30 വരെയാണ് 5, 8, 9 ക്ലാസുകളിലെ പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. 25, 26 തീയതികളിൽ അഞ്ചാം ക്ലാസിലെ പരീക്ഷകളും 25 മുതൽ 28 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.