ബംഗളൂരു: പശുക്കളുടെ സംരക്ഷണത്തിനായി കർണാടകയിലെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ 'പുണ്യകോടി ദത്ത് യോജന' പദ്ധതി പരാജയം. സർക്കാർ വാഗ്ദാനം ചെയ്ത തുക ഗോശാല നടത്തിപ്പുകാർക്ക് നൽകാത്തതാണ് കാരണം. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ പദ്ധതി വഴി ഗോശാലകളിലെ പശുക്കളെ പൊതുജനങ്ങൾക്ക് ദത്തെടുക്കാം. ഒരു പശുവിന് ഒരു വർഷത്തേക്ക് 11,000 രൂപയാണ് നൽകേണ്ടത്. എന്നാൽ സർക്കാർ സഹായം ഇല്ലാതായതിനാലും മറ്റ് സാമ്പത്തിക മെച്ചമില്ലാത്തതിനാലും ദത്തെടുക്കാൻ പൊതുജനങ്ങൾ തയാറാകുന്നില്ല.
കർണാടകയിൽ 178 ഗോശാലകളിലായി ആകെ 23,155 പശുക്കളാണ് ഉള്ളത്. എന്നാൽ ഇതുവരെയായി ആകെ 200 എണ്ണത്തിനെ മാത്രമേ ദത്തെടുത്തിട്ടുള്ളൂ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദത്തെടുത്ത 11 എണ്ണവും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെടുത്ത 31 എണ്ണവുമടക്കമാണിത്. മറ്റുള്ള ബി.ജെ.പി എം.എൽ.എമാർ പോലും പശുക്കളെ ദത്തെടുക്കാൻ തയാറായിട്ടില്ല. രണ്ടായിരം പേരിൽ നിന്ന് സംഭാവനയായി 21.5 ലക്ഷം രൂപ സർക്കാർ നേരത്തേ സമാഹരിച്ചിട്ടുണ്ട്.
ഗോശാലകളിലെ മിക്കവയും പ്രായം ചെന്നവയും പാൽ ഉൽപാദിപ്പിക്കാത്തവയും രോഗമുള്ളവയുമാണ്. ഒരു ഗോശാലക്ക് പശു ഒന്നിന് വൈക്കോൽ, മരുന്ന്, തൊഴിലാളികളുടെ കൂലി തുടങ്ങിയവക്കായി ദിവസം 300 രൂപയാണ് ചെലവ്. എന്നാൽ സർക്കാർ ആകെ 17.5 രൂപ മാത്രമാണ് നൽകുന്നത്. അസുഖം ബാധിച്ച് ചാകുന്നവയെ മാന്യമായി സംസ്കരിക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. കോർപറേഷൻ അധികൃതർ ഇവയുടെ ജഡം ഒഴിവാക്കാനായി 10,000 രൂപ ഈടാക്കുകയും ചെയ്യുന്നു. ദത്തെടുക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരുന്നില്ലെന്ന് ഗോശാല അധികൃതർ തന്നെ പറയുന്നു. പദ്ധതിക്കായി ആകെ 5240 കോടി രൂപയാണ് വേണ്ടത്. എന്നാൽ സർക്കാർ ഇതുവരെ 50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. എന്നാൽ സ്വകാര്യ ഗോശാലകൾക്ക് വൈക്കോലിനായി നാല് കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഫണ്ട് കിട്ടുന്ന മുറക്ക് വിതരണം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, പദ്ധതിയിലേക്ക് പണം സമാഹരിക്കാനായി നവംബർ മാസത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു ദിവസത്തെ ശമ്പളം സർക്കാർ പിടിച്ചിട്ടുണ്ട്. ഇതുവഴി നൂറു കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.