ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കദബ താലൂക്കിൽ രെഞ്ചിലാഡിയിലെ നെയിലയിൽ രണ്ടുപേരെ കൊന്ന കാട്ടാനയെ ഒടുവിൽ പിടിച്ചു. കദബക്കടുത്ത മുജൂർ ഫോറസ്റ്റ് റിസർവിലാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് മയക്കുവെടിവച്ച് വീഴ്ത്തുകയായിരുന്നു. ഫെബ്രുവരി 20ന് രാവിലെയാണ് പ്രദേശവാസികളായ രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരെ കാട്ടാന കൊന്നത്. പേരട്ക്ക പാൽ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്കു പോകവേയാണ് കാട്ടാന ആക്രമിച്ചത്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു. രമേശ് സംഭവസ്ഥലത്തും രഞ്ജിത ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. അന്ന് രാത്രിതന്നെ നാഗർഹോളെ, ദുബരെ ആന സങ്കേതങ്ങളിൽ നിന്നുള്ള അഭിമന്യു, പ്രശാന്ത്, ഹർഷ, കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകളെ എത്തിച്ചിരുന്നു. കൊലയാളി ആനയെ പിടിച്ച് മെരുക്കാൻ പരിശീലനം ലഭിച്ച താപ്പാനകളാണിവ. സുള്ള്യ, പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളിൽനിന്നുള്ള 50 വനപാലകരായിരുന്നു ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ നടപടിയെടുത്തത്. ഡ്രോൺ കാമറ ഉപയോഗിച്ച് രെഞ്ചിലാഡി വില്ലേജിലെ തുമ്പേ ഫോറസ്റ്റ് റിസർവിൽ ആനക്കുള്ള തിരച്ചിലും നടത്തിയിരുന്നു.
കഴിഞ്ഞ 22ന് ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള യത്നമാണ് വിജയത്തിലെത്തിയത്. ഈ മേഖലയിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ അഞ്ചു വർഷമായി ആനശല്യത്തെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികൾ അലംഭാവം കാണിക്കുന്നതായി രോഷാകുലരായ നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.