ബംഗളൂരു: മാണ്ഡ്യ മദ്ദൂരിൽ കേരള ആർ.ടി.സി ബസ് ഡിവൈഡറിലിടിച്ചുകയറിയുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയായ ഡ്രൈവർ മരിച്ചു.
മലപ്പുറം ഡിപ്പോയിൽ നിന്നുള്ള മലപ്പുറം-ബംഗളൂരു സൂപ്പർ ഡീലക്സ് സ്പെഷൽ സർവിസിലെ (ആർ.പി.സി 899) ബസ് ഡ്രൈവർ വൈലത്തൂർ താനാളൂർ പകര ചക്കിയത്തിൽ വീട്ടിൽ സി. അബൂബക്കർ-ഇയ്യാത്തുട്ടി ദമ്പതികളുടെ മകൻ ഹസീബ് (48) ആണ് മരിച്ചത്. കണ്ടക്ടർക്ക് നിസ്സാര പരിക്കേറ്റു. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മൈസൂരു-ബംഗളൂരു പാതയിലാണ് അപകടം. മുന്നിൽ പോവുകയായിരുന്ന ലോറി സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിയൊഴിഞ്ഞ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
സ്റ്റിയറിങ്ങിനും കാബിനും ഇടയിൽ കുടുങ്ങിയാണ് ഡ്രൈവറുടെ മരണം. മൃതദേഹം മാണ്ഡ്യ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: ബദറുന്നിസ. മക്കൾ: ഹനാൻ, ഹൻസ. സഹോദരങ്ങൾ: സക്കീന, ബാസിം, ഹസീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പകര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.